vadakancherry
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത പേരിൽമാത്രമായി ഒതുങ്ങുന്നു. അനുവദനീയമായ വേഗതയിൽ പോലും ദേശീയപാതയിലൂടെ വാഹനങ്ങൾക്കു പോകാനാകാത്ത അവസ്ഥയിലാണ്. വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെയുള്ള 28 കിലോമീറ്റർ ദൂരത്തിനിടെ പലയിടത്തും തടസങ്ങളാണ്. ഗോ സ്ലോ, സ്റ്റോപ്പ്, ശ്രദ്ധിച്ചു പോവുക, ഇടുങ്ങിയ പാത തുടങ്ങി അപകട മുന്നറിയിപ്പ് ബോർഡുകളാൽ റോഡ് നിറഞ്ഞിരിക്കുകയാണ്.

ആറുവരി പാതയ്ക്ക് തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേൽപ്പാലത്തിൽ നിന്നും തുടങ്ങും തടസങ്ങൾ. 50 തവണയെങ്കിലും റിപ്പയർ വർക്കുകൾ നടത്തിയിട്ടുള്ള മേൽപ്പാലത്തിൽ ഇന്നലേയും അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. രണ്ടു ബീമുകൾ തമ്മിൽ യോജിപ്പിക്കുന്നിടത്ത് റബർ റീപ്പറുകൾ മാറ്റുന്ന ജോലികളാണ് നടക്കുന്നത്. ഇതു കഴിഞ്ഞാൽ മറ്റെന്തെങ്കിലും പണികൾ പിന്നാലെ വരും. അതായത് പാലത്തിൽ നിന്നും സ്റ്റോപ്പ് ബോർഡ് മാറ്റുന്നതു വല്ലപ്പോഴും മാത്രമാണ്. പാലം കടന്നാൽ ഹോട്ടൽ ഡയാനക്കു മുന്നിലായി ഇപ്പോൾ കുഴിയടയ്ക്കൽ നടക്കുന്നുണ്ട്. ഇവിടെ രണ്ടു പാതകൾ അടച്ച് ഒറ്റ വരിയായിട്ടാണ് തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ വിടുന്നത്.
ഇതുംകടന്ന് പന്നിയങ്കര ടോൾ ബൂത്ത് എത്തുംമുൻപേ തേനിടുക്കിൽ ഇപ്പോഴും ചാലുകൾ പോലെയാണ് പാതയുടെ കിടപ്പ്. പുറമേ റോഡ് നിരപ്പ് ലെവലാണന്നേ തോന്നൂ. എന്നാൽ വാഹനം ഓടിച്ചു പോകുമ്പോൾ ആടിയുലയും. ചിലപ്പോൾ നിയന്ത്രണം വിട്ട് വാഹനം അപകടത്തിൽപ്പെടും. ഇരുചക്ര വാഹന യാത്രികർ സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉറപ്പ്. മുന്നോട്ടു പോകുമ്പോൾ ചുവട്ടുപാടത്ത് എത്തിയാൽ ഇനി കാട്ടുപന്നികളെയും പേടിക്കണം. കഴിഞ്ഞ ദിവസം പുലർച്ചെ പാതക്കു കുറുകെ പന്നി ഓടി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരായ നാലുപേർക്കു പരിക്കേറ്റിരുന്നു.
ഇതെല്ലാം കടന്ന് കുതിരാനിലെത്തിയാൽ റിപ്പയർ വർക്കുകൾക്കായി നാലുമാസം മുൻപ് അടച്ച തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കപ്പാത പണി കഴിഞ്ഞ് ഇനിയും തുറന്നിട്ടില്ല. ഇതിനാൽ വലതു തുരങ്കപ്പാത വഴി വേണം തൃശൂർ, പാലക്കാട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് ഞെങ്ങി ഞെരുങ്ങി പോകാൻ. പിന്നെ ഒളിഞ്ഞിരിക്കുന്നത് അപകട വളവുകളാണ്. പാതനിർമ്മാണത്തിലെ അപാകതയാണ് ഇതിനു കാരണം. വേഗതയിൽ പോകുന്ന വാഹനങ്ങൾ വളവുകളിൽ നിയന്ത്രണം തെറ്റി ഡിവൈറുകളിലേക്കു മറിയും. ആറുവരിപ്പാത നിർമ്മിക്കുമ്പോൾ അതിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗതക്കനുസൃതമായല്ല വളവുകളുള്ളത്. പെട്ടെന്നുള്ള വളവുകൾ വില്ലനായി ദൂരയാത്രികരെ അപകടകെണിയിൽ വീഴ്ത്തുന്നത് പതിവാണ്.