പട്ടാമ്പി: ഷൊർണൂർ-നിലമ്പൂർ ഒറ്റവരിപ്പാതയിൽ കൂടുതൽ ക്രോസിങ് സ്റ്റേഷനുകൾ വേണമെന്ന ദീർഘനാളത്തെ ആവശ്യം സഫലമാകുന്നു. ഏകദേശം 28 കി.മീ. ദൂരമുള്ള ബ്ലോക്ക് സെക്‌ഷനുകളുടെ നടുവിൽ 14ാം കിലോമീറ്ററിൽ കുലുക്കല്ലൂരും 41ാം കിലോമീറ്ററിൽ മേലാറ്റൂരും പുതിയ ക്രോസിങ് സ്റ്റേഷനുകളാക്കാനാണ് റെയിൽവേ മന്ത്രാലയം അനുമതി നൽകിയത്. അങ്ങാടിപ്പുറം, വാണിയമ്പലം സ്റ്റേഷനുകളിലാണ് ക്രോസിങ് നിലവിലുള്ളത്. ഇത് യഥാക്രമം 28 കിലോമീറ്ററിലും 55 കിലോമീറ്ററിലുമാണ്. 66 കിലോമീറ്ററാണ് ഷൊർണൂർ-നിലമ്പൂർ പാതയുടെ ആകെ ദൈർഘ്യം.
ഇന്ത്യയിൽ എല്ലായിടത്തും അഞ്ച്, എട്ട്, 10 കി.മീ. കൂടുമ്പോൾ ക്രോസിങ് നിലവിലുണ്ട്. എന്നാൽ നിലമ്പൂർ പാതയിൽ ഷൊർണൂർ വിട്ടാൽ ഒരു ട്രെയിൻ ക്രോസ് ചെയ്യാൻ 28 കി.മീ. ഓടി അങ്ങാടിപ്പുറമെത്തണം. അടുത്ത ക്രോസിങ്ങിന് അവിടെനിന്ന് പിന്നെയും 27 കി.മീ. അകലെ വാണിയമ്പലത്തെത്തണം.
14 യാത്രാവണ്ടികളും അങ്ങാടിപ്പുറം എഫ്.സി.ഐ.യിലേക്കും നിലമ്പൂർ ഗുഡ്സ് ഷെഡ്ഡിലേക്കും തിരിച്ചുമുള്ള ചരക്കുവണ്ടികളും തടസമില്ലാതെ ഓടാൻ കൂടുതൽ ക്രോസിങ് സ്റ്റേഷനുകൾ അനിവാര്യമാണ്. അതാണിപ്പോൾ സഫലമായത്.
നിരന്തരമായുള്ള പരാതികൾ കാരണം 2007 മുതൽ കൂടുതൽ ക്രോസിങ് സ്റ്റേഷനുകൾക്ക് വേണ്ടി പാലക്കാട് ഡിവിഷൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ ന്യൂഡൽഹിയിലെ റെയിൽവേ ബോർഡിന് ചെന്നൈയിൽനിന്ന് അനുകൂല ശുപാർശ പോകാത്തതാണ് ഇത്രകാലം അനുമതി ലഭിക്കാതിരുന്നത്.
നിരന്തരം പാലക്കാട്, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് കത്തുകളയച്ച പി.വി.അബ്ദുൾ വഹാബ് എം.പി.യും ഈ വിഷയത്തിൽ വലിയ പരിശ്രമം നടത്തി. വിഷയം ഉന്നയിച്ച് എം.പി. റെയിൽവേ ബോർഡ് ഉന്നത ഉദ്യോഗസ്ഥരെയും റെയിൽവേ മന്ത്രിയെയും നേരിൽ സന്ദർശിക്കുകയും ചെയ്തിരുന്നു. അബ്ദുസമദ് സമദാനി എം.പി. റെയിൽവേ മന്ത്രിയോട് വിഷയം ഉന്നയിച്ചിരുന്നു. ഷൊർണൂർ-നിലമ്പൂർ പാതയിലെ വികസനത്തിനായി നിരന്തര പരിശ്രമം നടത്തുന്ന നിലമ്പൂർ-മൈസൂർ റെയിൽവേ ആക്‌ഷൻ കൗൺസിൽ ഭാരവാഹികളുടെ വിജയം കൂടിയാണിത്. ക്രോസിങ് സ്റ്റേഷനുകൾക്ക് അനുമതി നൽകിയ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ ബോർഡ് അധികാരികൾ,ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങ് എന്നിവർക്ക് ആക്‌ഷൻ കൗൺസിൽ നന്ദി അറിയിച്ചു.