പാലക്കാട്: മാലിന്യക്കൂനകൾ നീക്കം ചെയ്ത് വീണ്ടെടുക്കുന്ന ഭൂമി ബയോപാർക്കുകളാക്കി മാറ്റുമെന്ന് മന്ത്രി എം.ബി.രാജേഷ്. ശുചിത്വ പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം ജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാനും കഴിയുന്ന ആധുനിക ബയോ പാർക്കുകൾ സജ്ജമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പാലക്കാട് നഗരസഭയുടെ കൂട്ടുപാതയിലുള്ള ഡംപ്‌സൈറ്റിലെ ബയോ മൈനിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ അദ്ധ്യക്ഷയായി. ക്ലീൻ കേരള മാനേജർ ഇ.പി.വിസ്മൽ പദ്ധതി വിശദീകരിച്ചു. കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആർ.ധനരാജ്, പി.സ്മിതേഷ്, ടി.ബേബി, ടി.എസ്.മീനാക്ഷി, എം.എ.പ്രവീണ, എം.കെ ഉഷ, പി. സൈതലവി എന്നിവർ പങ്കെടുത്തു.
20 വലിയ മാലിന്യക്കൂനകളാണ് കേരളത്തിൽ നിലവിൽ കണ്ടെത്തിയിട്ടുള്ളത്. ഇവിടുത്തെ മാലിന്യക്കൂനകൾ നീക്കം ചെയ്തു വൃത്തിയാക്കി ആ സ്ഥലം വീണ്ടെടുക്കാനുള്ള പദ്ധതി കെ.എസ്.ഡബ്ല്യു.എം.പിയുടെ ഭാഗമായി നടപ്പാക്കാൻ കഴിഞ്ഞ ദിവസമാണ് ധാരണാ പത്രത്തിൽ ഒപ്പിട്ടത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ നാല് സ്ഥലങ്ങളിലാണ് ബയോമൈനിംഗ് ആരംഭിക്കുന്നത്. പാലക്കാടാണ് ഇതിന് തുടക്കം കുറിച്ചത്.
100 കോടിയോളം രൂപ ചെലവിൽ 20 നഗരസഭകളിലായി 20 മാലിന്യക്കൂനകളാണ് നീക്കം ചെയ്യുന്നത്. ഇതുവഴി സംസ്ഥാനത്തിന്റെ കണ്ണായ സ്ഥലത്തുള്ള 66 ഏക്കർ ഭൂമി വീണ്ടെടുക്കാനും ഉപയോഗിക്കാനും കഴിയും. പാലക്കാട് നഗരസഭയിൽ എട്ടര ഏക്കർ ഭൂമി വീണ്ടെടുക്കാനാകും.
ജലസ്രോതസുകളിൽ മാലിന്യം
തള്ളിയാൽ ഒരു ലക്ഷം രൂപ പിഴ
ബ്രഹ്മപുരത്തിന്റെ കാര്യത്തിൽ കൊച്ചിയിലുണ്ടായ മാറ്റങ്ങൾ കേരളത്തിൽ മുഴുവൻ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇനിയൊരു മാലിന്യക്കൂന ഉണ്ടാകാൻ അനുവദിക്കില്ല. മാലിന്യം ശേഖരിക്കുന്ന ഏജൻസികൾ അത് വഴിയിൽ വലിച്ചെറിയുന്നതിനെതിരെ കർശന നടപടി സ്വീകരിക്കും. ജലസ്രോതസുകളിൽ മാലിന്യം തള്ളിയാൽ ഒരു ലക്ഷം രൂപ പിഴയും ഒരു വർഷം വരെ തടവും ലഭിക്കും. സി.സി ടിവി നിരീക്ഷണം ശക്തിപ്പെടുത്തും. ജൈവമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്‌കരിക്കണം. നൽകുന്ന ബയോബിന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അവ ദുരുപയോഗിക്കുന്നവർക്കെതിരെ പിഴ ഈടാക്കണം. ഉത്തരവാദിത്തം നിറവേറ്റാത്ത നഗരസഭകൾക്കും പഞ്ചായത്തുകൾക്കും പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.