അയിലൂർ: വനത്തിൽ ഒറ്റപ്പെട്ടു കഴിഞ്ഞ കുടുംബത്തിൽ തളർന്നുവീണ വയോധികനെ തുണിമഞ്ചലിലേറ്റി ആശുപത്രിയിലെത്തിച്ചു. അയിലൂർ കൽച്ചാടി കോളനിൽ താമസിച്ചിരുന്ന അപ്പുക്കുട്ടിയെയാണ്(61) വനത്തിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്.
കോളനിയിൽ സ്ഥിര താമസമായിരുന്ന അപ്പുക്കുട്ടി മൂന്ന് മാസം മുൻപാണ് ഭാര്യ പുഷ്പയ്ക്കും 14 വയസുള്ള മകൾക്കുമൊപ്പം നെല്ലിയാമ്പതി മലനിരകൾക്ക് താഴെ ഒലിപ്പാറയ്ക്ക് അഞ്ച് കിലോമീറ്റർ വനത്തിനുള്ളിലുള്ള ചെള്ളിക്കയത്തിലേക്ക് മാറി താമസിച്ചത്. ഇവർ വനത്തിൽ ഒറ്റയ്ക്ക് കഴിയുന്നതിനിടെ അപ്പുക്കുട്ടിയുടെ വലതുവശം തളരുകയും സംസാര ശേഷി നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ചികിത്സ തേടാതെ കാട്ടുമരുന്നുകൾ ഉപയോഗിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം സമീപത്തെ തോട്ടത്തിലെ തൊഴിലാളികളാണ് കാട്ടരുവിയ്ക്ക് സമീപം പാറയിടുക്കിൽ ടാർപ്പോളിൽ വലിച്ചുകെട്ടി താമസിക്കുന്ന ഇവരെ കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്തംഗം കെ.മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ ഒലിപ്പാറയിലെ ഐ.എൻ.ടി.യു.സി. ലോഡിംഗ് തൊഴിലാളികൾ മൂന്നു കിലോമീറ്റർ കുത്തനയുള്ള കയറ്റങ്ങൾ കയറിയും വനത്തിലൂടെ നടന്നും ഇവർ താമസിക്കുന്ന പാറയിടുക്ക് കണ്ടെത്തുകയായിരുന്നു. തുടർന്ന് തീരെ അവശനായിയിരുന്ന അപ്പുക്കുട്ടിയെ കാട്ടിൽ നിന്ന് മുള വെട്ടി തുണിമഞ്ചൽ കെട്ടി സാഹസികമായി വനത്തിൽ നിന്ന് ഇറക്കുകയായിരുന്നു. വനമേഖലയ്ക്ക് താഴെ ഒലിപ്പാറയിലെത്തിയ ശേഷം അപ്പുകുട്ടിയെ നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചു. എസ്.ടി.പ്രമോട്ടർ രമേഷ് യൂസഫ് അലി, റിഷാദ്, അബു, ലൂക്കോസ്, ജയേഷ്, സിജോ, ജേക്കബ്, അനൂപ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തുണി മഞ്ചലിൽ അപ്പുക്കുട്ടനെ താഴെയെത്തിച്ചത്.
കാടർ വിഭാഗത്തിൽപ്പെട്ട ഇവർ വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി കാടുകയറുന്നത് പതിവാണ്. മാസങ്ങൾ കഴിഞ്ഞേ തിരിച്ച് വരുകയൂള്ളൂ. കാട്ടുചോലയിൽ നിന്നുള്ള വെള്ളവും വനവിഭവങ്ങളും ആണിവരുടെ ഭക്ഷണം.