 
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാളത്തെ റോഡ് ഷോയ്ക്കു മുന്നോടിയായി പാലക്കാട് നഗരം കനത്ത സുരക്ഷാ വലയത്തിൽ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഉന്നതതല സുരക്ഷാ സംഘം ഇന്നലെ നഗരത്തിൽ വിശദമായ പരിശോധന നടത്തി. തിരക്ക് നിയന്ത്രിക്കാൻ റോഡ് ഷോ കടന്നു പോകുന്ന റോഡുകളുടെയും ഇരുവശത്തും ബാരിക്കേഡുകൾ സ്ഥാപിച്ചു. റോഡ് ഷോ കാണാനെത്തുന്നവർ ബാരിക്കേഡുകൾക്ക് അകത്താണ് നിൽക്കേണ്ടത്.
നാളെ രാവിലെ 7 മുതൽ 12 മണി വരെ നഗരത്തിനകത്ത് വാഹനങ്ങൾക്കു നിയന്ത്രണവും ഏർപ്പെടുത്തി. രാവിലെ 10 മണിയോടെ റോഡ് ഷോ ആരംഭിക്കുമെന്നതിനാൽ അതിനും മണിക്കൂറുകൾക്കു മുൻപേ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ഇന്ന് വൈകിട്ട് കോയമ്പത്തൂരിൽ റോഡ് ഷോയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ഇന്ന് അവിടെ തങ്ങും. നാളെ രാവിലെ 9.45ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട് പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങും. അവിടെ നിന്ന് റോഡ് ഷോ ആരംഭിക്കുന്ന കോട്ടമൈതാനത്തേക്ക് റോഡ് മാർഗം എത്തിച്ചേരും. തുടർന്ന് കോട്ടമൈതാനം അഞ്ചുവിളക്കിൽ നിന്ന് റോഡ് ഷോ ആരംഭിക്കും. സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് റോഡ് വരെയാണ് റോഡ് ഷോ. പ്രധാനമന്ത്രിയെത്തുന്ന മേഴ്സി കോളേജ് ഗ്രൗണ്ട്, കോട്ടമൈതാനം, കോട്ടമൈതാനം ക്രിക്കറ്റ് ഗ്രൗണ്ട്, റോഡ് ഷോ കടന്നു പോകുന്ന പ്രദേശങ്ങൾ, ആവശ്യ ഘട്ടത്തിൽ ഉപയോഗിക്കേണ്ട അനുബന്ധ വഴികൾ എന്നിവിടങ്ങളിലെല്ലാമാണ് ഉന്നത തല സംഘം പരിശോധന നടത്തിയത്. ജില്ലാ കളക്ടർ എസ്.ചിത്ര, ഡി.ഐ.ജി.അജിതാ ബീഗം, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, പാലക്കാട് എ.എസ്.പി.അശ്വതി ജിജി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
രാവിലെ 7 മുതൽ 12 വരെ
ഗതാഗത നിയന്ത്രണം
 തൃശൂരിൽ നിന്ന് വരുന്ന സ്വകാര്യ ബസുകൾ ദേശീയപാതയിലൂടെ ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിലേക്കും തിരിച്ചും പോകണം.
 തൃശൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ കാഴ്ചപ്പറമ്പിൽ നിന്ന് തിരിഞ്ഞ് യാക്കരമൊക്ക്, ഡി.പി.ഒ റോഡ്, ലിങ്ക് റോഡ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കും തിരിച്ചും യാത്ര ചെയ്യാം.
 ഒറ്റപ്പാലം, ഷൊർണൂർ ഭാഗത്ത് നിന്നു വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും പേഴുംകര ബൈപാസ് വഴി ഒലവക്കോട്, ശേഖരിപുരം, മണലി ചന്ദ്രനഗർ വഴി കാഴ്ചപറമ്പിലെത്തി അവിടെ നിന്ന് യാക്കര മൊക്കു വഴി വേണം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്താൻ.
 കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗത്ത് നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകളും തമിഴ്നാട് ബസുകളും ചന്ദ്രനഗറിൽ നിന്ന് ദേശീയ പാത വഴി കാഴ്ചപറമ്പിലെത്തി മുകളിൽ കൊടുത്തിരിക്കുന്ന റൂട്ടിലൂടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തണം.
 കൊടുമ്പ്, ചിറ്റൂർ ഭാഗത്ത് നിന്നുള്ള ബസുകൾ ചന്ദനഗർ, കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിൽ പ്രവേശിക്കണം.
 പുതുനഗരം, കൊടുവായൂർ ഭാഗത്ത് നിന്നുള്ള ബസുകൾ കടുന്തുരുത്തിയിൽ നിന്ന് തിരിഞ്ഞ് എൻ.എച്ച്. റോഡിൽ പ്രവേശിച്ച് ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിൽ എത്തണം.
 കുഴൽമന്ദം, കണ്ണനൂർ ഭാഗത്തു നിന്നുള്ള ബസുകൾ എൻ.എച്ച്, ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിൽ പ്രവേശിക്കണം.
 കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തു നിന്ന് വരുന്ന സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും ഒലവക്കോട്, ശേഖരിപുരം ബൈപാസ് വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.
 കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തു നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഒലവക്കോട്, ശേഖരിപുരം, മണലി ചന്ദ്രനഗർ, കാഴ്ചപറമ്പ്, യാക്കര മൊക്കു വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പ്രവേശിക്കണം.
 റെയിൽവേ കോളനി, മലമ്പുഴ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ശേഖരിപുരം, മണലി ബൈപാസ് വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.
വാഹന പാർക്കിംഗ്
 റോഡ് ഷോയിൽ പങ്കെടുക്കാൻ ഒറ്റപ്പാലം ഭാഗത്ത് നിന്ന് പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ കാണിക്കമാത ബൈപാസ് ജംഗ്ഷനിൽ ഇറക്കി പിരായിരി, കണോട്ടുക്കാവ്, അയ്യപ്പൻകാവ് ഭാഗങ്ങളിൽ പാർക്ക് ചെയ്യണം.
 മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, മലമ്പുഴ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ശേഖരിപുരത്ത് പ്രവർത്തകരെ ഇറക്കി മാട്ടുമന്ത റോഡിന്റെ ഇരുവശത്തുമായി വാഹനങ്ങൾ പാർക്ക് ചെയ്യണം.
 കഞ്ചിക്കോട്, പുതുശ്ശേരി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ സ്റ്റേഡിയം ഭാഗത്ത് പ്രവർത്തകരെ ഇറക്കി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് മുൻവശത്തുള്ള എക്സിബിഷൻ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
 ചിറ്റൂർ, കൊടുവായൂർ, ആലത്തൂർ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകെ കൊണ്ടുവരുന്ന വാഹനങ്ങൾ മണപ്പുള്ളിക്കാവ് ഹൈവേ സർവീസ് റോഡിൽ ആളുകളെ ഇറക്കി മെഡിക്കൽ കോളേജ് ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.