politics
വി.എസ്.വിജയഘവൻ

ആലത്തൂർ: വേനലിന്റെ കാഠിന്യത്തിനൊപ്പം ലോക്‌സഭ തിരഞ്ഞെടുപ്പ് ചൂടിലേറി പാലക്കാട് തിളയ്ക്കുമ്പോൾ വിശ്രമ ജീവിതത്തിന്റെ തണലിലിരുന്ന് ഒരു മുൻ എം.പി തിരഞ്ഞെടുപ്പ് രംഗം നിശബ്ദം നിരീക്ഷിക്കുന്നുണ്ട്.
15 വർഷക്കാലം പാലക്കാടിന്റെ എം.പിയായിരുന്ന വി.എസ്.വിജയരാഘവനാണ് ആ നിരീക്ഷകൻ. ഇന്നത്തെ ആലത്തൂരിന്റെയും പാലക്കാടിന്റെയും ഒട്ടു മിക്ക മണ്ഡലങ്ങളും അന്ന് പാലക്കാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് ഈ രണ്ടു മണ്ഡലങ്ങളുടെയും മനസ് തൊട്ടറിഞ്ഞയാൾ. പാലക്കാടും ആലത്തൂരും പ്രഗത്ഭർ തമ്മിലാണ് പോരാട്ടം. ആരെ തള്ളും, ആരെ കൊള്ളും എന്ന് പറയാനാകാത്ത വിധത്തിലുള്ള വീറും വാശിയും പ്രാരംഭ ഘട്ടത്തിൽ തന്നെ പ്രകടമാണെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ.

25 വർഷം ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനും ദീർഘകാലം എരിമയൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന വി.എസ്.വിജയരാഘവനിപ്പോൾ 83 ന്റെ നിറവിലാണ്. ആലത്തൂരിലെ എരിമയൂരിൽ വി.ജി.സുകുമാരന്റെയും രുഗ്മിണിയുടേയും മകനാണ് പിന്നീട് പാലക്കാടിന്റെ സ്വന്തം വി.എസായി മാറിയത്.
1980-ൽ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കരുത്തനായ ടി.ശിവദാസ മേനോനെ തോൽപ്പിച്ചായിരുന്നു ജയം.1984 ൽ വീണ്ടും വിജയശ്രീലാളിതനായി. ശിവദാസമേനോൻ തന്നെയായിരുന്നു രണ്ടാമൂഴത്തിലെയും എതിരാളി. എന്നാൽ മൂന്നാമൂഴത്തിൽ അടിതെറ്റി. 1989ൽ ഇപ്പോഴത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.വിജയരാഘവനാേടാണ് തോറ്റത്. എന്നാൽ തന്നിലെ പോരാട്ടവീര്യം തെളിയിക്കാൻ 1991ൽ വീണ്ടും നിയോഗമുണ്ടായി. എ.വിജയരാഘവനെ തന്നെ പരാജയപ്പെടുത്തി വീണ്ടും പാലക്കാടിന്റെ എം.പിയായി. പിന്നീട് മത്സരരംഗം വിട്ടു.


മൂന്ന് വിജയങ്ങളെ പോലെ തന്നെ രണ്ട് പരാജയങ്ങളും തന്നെ കൂടുതൽ കർമ്മനിരതനാക്കി. ആലത്തൂരിൽ 1977ൽ സാക്ഷാൽ ഇ.എം.എസിനെതിരെ മത്സരിച്ച കന്നിയങ്കമാണ് ഇന്നും മനസിൽ ആവേശമുണർത്തുന്നത്. വെറും 1999 വോട്ടിനായിരുന്നു തോൽവി. അക്ഷരാർത്ഥത്തിൽ ഇ.എം.എസിനെ പിടിച്ചു കെട്ടിയ നിലയിലാക്കി, ചെങ്കോട്ടയിൽ തന്റെ വരവറിയിച്ചതിന്റെ ആവേശം ഇന്നും വി. എസിനുണ്ട്. ആ തിരഞ്ഞെടുപ്പിൽ യഥാർത്ഥ വിജയി വി.എസ് ആണെന്ന് പരസ്യമായി പറഞ്ഞ ഇ.എം.എസ് അദ്ദേഹത്തെ അണിയിക്കാൻ പ്രവർത്തകൻ കൊണ്ടുവന്ന മാല, തന്നെ അണിയിച്ച സന്ദർഭവും അദ്ദേഹം ഓർക്കുന്നു. 89ലെ പരാജയത്തിന് കാരണം സംഘടനാ രംഗത്തെ ദൗർബല്യങ്ങളും ഭരണ വിരുദ്ധ വികാരങ്ങളുമായിരുന്നുവെന്ന് വിലയിരുത്തിയ വി.എസ് സംഘടനാ രംഗത്ത് വീണ്ടും സജീവമാകുകയായിരുന്നു. അക്കാലത്താണ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജില്ലാകോൺഗ്രസ് ഓഫീസിന് സ്വന്തമായി ഓഫീസ് കെട്ടിടമുണ്ടായത്. ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തിയതും ജില്ലാ കമ്മിറ്റിക്ക് വാഹനം ഉറപ്പാക്കിയതും അക്കാലത്തായിരുന്നുവെന്ന് വി.എസ് പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെയും ലീഡർ കരുണാകരന്റെയും വിശ്വസ്തനെന്ന നിലയിൽ ലഭിച്ച പരിഗണനകളിലും ഇദ്ദേഹം അഭിമാനിക്കുന്നു. പാലക്കാടും മറ്റും പോളിയോ രോഗബാധിതരായി മരണപ്പെടുന്ന കുഞ്ഞുങ്ങളുടെ വിഷയം സഭയിൽ അവതരിപ്പിച്ച് പൾസ്‌പോളിയോ നിർമ്മാർജനത്തിനുള്ള പദ്ധതി രൂപപ്പെടുത്തുന്നതിൽ ഭാഗമാകാനും അതിന്റെ സംസ്ഥാനതല ഉദ്ഘാടനം സ്വന്തം മണ്ഡലത്തിൽ തന്നെ നടത്തിയെടുക്കാനും കഴിഞ്ഞു. അട്ടപ്പാടിയിലെ പട്ടിണി മരണവും പോഷകാഹാരക്കുറവും പാർലമെന്റിൽ അവതരിപ്പിച്ച് 'ആഹാഡ്സ്' പദ്ധതി കൊണ്ടുവന്നതും പാലക്കാടിലെ ജനങ്ങൾ തന്നിലേൽപ്പിച്ച വിശ്വാസത്തിന്റെ ഭാഗമാണെന്നും പറഞ്ഞു. കയർബോർഡ് അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ കാലഘട്ടത്തിലാണ് വി.എസ് അതിന്റെ ചെയർമാനായി വരുന്നത്. കയർബോർഡിന് ജനകീയ മുഖമുണ്ടാക്കുന്നതിലും തൊഴിലാളികളെ മുഖവിലക്കെടുത്ത് അവരോടൊപ്പം പ്രവർത്തിച്ച് തൊട്ടടുത്ത വർഷം തന്നെ കയറ്റുമതിയിൽ പ്രതീഷിച്ചതിലുമേറെ നേട്ടങ്ങളുറപ്പാക്കാനും കഴിഞ്ഞു.

എതിരാളികളെ രാഷ്ട്രീയമായി മാത്രം നേരിടുകയും വ്യക്തിഹത്യ ചെയ്യാതിരിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ തിരഞ്ഞെടുപ്പ് ഉണ്ടാവുന്നത്. എന്നാൽ ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ്.

മൂന്ന് വിജയങ്ങളെ പോലെ തന്നെ രണ്ട് പരാജയങ്ങളും തന്നെ കൂടുതൽ കർമ്മനിരതനാക്കി. ആലത്തൂരിൽ 1977ൽ സാക്ഷാൽ ഇ.എം.എസിനെതിരെ മത്സരിച്ച കന്നിയങ്കമാണ് ഇന്നും മനസിൽ ആവേശമുണർത്തുന്നത്. വെറും 1999 വോട്ടിനായിരുന്നു തോൽവി.