
ആലത്തൂർ: ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ തരൂർ പഞ്ചായത്ത് 11-ാം വാർഡിലെ ചമ്മണി പട്ടികജാതി കോളനി നിവാസികളും പ്രദേശത്തെ 40 കുടുംബങ്ങളിലെ 150 ലധികം വോട്ടർമാരും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു. കുടിവെള്ളമോ റോഡോ വഴിവിളക്കോ ഇല്ലാത്ത 40 ഓളം കുടുംബങ്ങൾ വസിക്കുന്ന മേഖലയാണിത്.
കുടിവെള്ളമായി ഉപയോഗിക്കാൻ കഴിയാത്ത രണ്ടു ദിവസത്തിലൊരിക്കൽ പുഴയിൽ നിന്നും വരുന്ന അഞ്ചോ ആറോ കുടം വെള്ളം കൊണ്ടാണ് ഓരോ കുടുംബവും കഴിയുന്നത്. വാർഡ് മെമ്പറോടും പഞ്ചായത്തിലും പരാതി പറഞ്ഞപ്പോൾ ഫണ്ട് ലഭ്യമല്ലെന്നും സ്വന്തമായി പിരിവെടുത്തു കുഴൽ കിണർ കുഴിക്കാൻ പറഞ്ഞു. തുടർന്ന് നാട്ടുകാർ പിരിവെടുത്ത് ഒരു ലക്ഷത്തോളം രൂപ ചെലവിൽ കുഴൽകിണർ കുഴിച്ചു. എന്നിട്ടും വെള്ളം ലഭിച്ചില്ല.
700 മീറ്ററിലധികം താഴ്ന്ന പ്രദേശത്തുള്ള ഒരു കിണറിൽ നിന്നും ഒരു കുടം വെള്ളം കൊണ്ട് വരണമെങ്കിൽ പാറയും കുന്നും കടന്നുള്ള വേണം എത്താൻ. പട്ടികജാതി കോളനിയിലേക്ക് മാത്രമായി കാരമല കുടിവെള്ള പദ്ധതിയിൽ നിന്നും മറ്റുള്ള മേഖലകളിലേക്ക് ഈ പദ്ധതി നീട്ടിയതുമൂലം രണ്ടു ദിവസത്തിൽ ഒരിക്കൽ ലഭിക്കുന്ന വെള്ളം പൊതു ടാങ്കിൽ നിറഞ്ഞാൽ മാത്രമേ വീടുകളിലേക്ക് പൊതു ആവശ്യങ്ങൾക്കുള്ള വെള്ളം ലഭിക്കൂ എന്ന അവസ്ഥയിലാണ്. പി.പി.സുമോദ് എം.എൽ.എയ്ക്ക് മുൻപിൽ ഈ വിഷയം അവതരിപ്പിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
പഞ്ചായത്തിൽ കോളനിക്കകത്തേക്ക് സഞ്ചാരയോഗ്യമായ ഒരു റോഡ് വേണമെന്നാണ് മറ്റൊരു ആവശ്യം. 500 മീറ്റർ മാത്രം അകലെയുള്ള കാരമല ചിൽട്രൻസ് ആൻഡ് അഡ്വഞ്ചർ പാർക്കിലേക്ക് സ്വകാര്യ വ്യക്തിയിൽ നിന്നും ഏറ്റെടുത്ത സ്ഥലത്ത് പാലവും റോഡു പണി തകൃതിയിൽ നടക്കുകയാണ്. പദ്ധതി പ്രദേശത്തുള്ള സ്വകാര്യ വ്യക്തികളുടെ താൽപര്യത്തിന് കുടപിടിക്കുന്ന തദ്ദേശ സ്ഥാപന മേധാവികൾ പാവങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നാണ് പ്രദേശ വാസികളുടെ പരാതി.
രാത്രിയായാൽ കാട്ടുപന്നികൾ കൂട്ടത്തോടെ വരുന്ന പ്രദേശമായതിനാൽ സോളാർ വഴിവിളക്ക് എന്ന ആവശ്യം രമ്യ ഹരിദാസ് എം.പിയോട് ഉന്നയിച്ചെങ്കിലും വനം വകുപ്പിന്റെ സ്ഥലത്ത് കൂടെ ആയതിനാൽ കളക്ടറുടെ അനുമതി ലഭിക്കില്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് കോളനി നിവാസികളായ 100 ഓളം പേരടങ്ങുന്ന കൂട്ടായ്മയിലെ വിനോദ് ചമ്മണി, തങ്കമണി, ശാന്തകുമാരി, രജിത എന്നിവർ പറഞ്ഞു.