poster

പാലക്കാട്: കാലം മാറിയപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രീതിയും മാറ്റി പരീക്ഷിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. സമൂഹ മാദ്ധ്യമങ്ങളാണ് അക്കൂട്ടത്തിൽ പ്രധാനി. അടുത്ത കാലത്ത് ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ട്രെൻഡിംഗ് ആയി മാറിയ അഖിൽ പി.ധർമ്മജൻ എഴുതിയ ''റാം c/o ആനന്ദി"" എന്ന പുസ്തകത്തിന്റെ കവർ പേജാണ് സൈബറിടത്ത് ലൈക്കുകളും ഷെയറുകളും കമന്റുകളും വാരിക്കൂട്ടുന്നത്.

സ്ഥാനാർത്ഥികളായ എ.വിജയരാഘവൻ,​ എളമരം കരീം, രാഹുൽഗാന്ധി എന്നിവർ റാം c/o ആനന്ദിയുടെ കവറിലെത്തി വോട്ട് അഭ്യർത്ഥിച്ചു. മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെയും മഞ്ഞുമ്മൽ ബോയിസിന്റെയും അനുകരണവുമായാണ് തൃശൂരിൽ വി.എസ്.സുനിൽകുമാർ ഇറങ്ങിയത്. ഫഹദ് ഫാസിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ 'ആവേശ"ത്തിന്റെ പോസ്റ്ററിനെ അനുകരിച്ചാണ് മാവേലിക്കരയിൽ അരുൺകുമാർ എത്തിയത്. 'പ്രേമലു" പോസ്റ്ററിലും ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകത്തിന്റെ കവർപേജ് അനുകരിച്ചുമാണ് ആലത്തൂർ ഇടതു സ്ഥാനാർത്ഥി കെ.രാധാകൃഷ്ണൻ നവമാദ്ധ്യമത്തിൽ ഇടംപിടിച്ചത്.

എല്ലാ പോസ്റ്ററുകളും സൈബർ ഇടങ്ങളിൽ സൂപ്പർ ഹിറ്റായി. ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലെല്ലാം ചൂടുപിടിച്ച പ്രചാരണമാണ് നടക്കുന്നത്. ഡിജിറ്റൽ മീഡിയ കാമ്പെയിൻ എല്ലാ കക്ഷികളും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുകയാണ്.