cashew

വടക്കഞ്ചേരി: കശുവണ്ടി വിളവെടുപ്പ് സജീവമായി. മലയോര മേഖലകളിലെ റബ്ബർ തോട്ടങ്ങളോട് ചേർന്നും വീട്ടുവളപ്പുകളിലും വളരുന്ന കശുമാവുകളിലാണ് വിളവെടുപ്പു സീസണായത്. കശുമാങ്ങ പഴുത്തു തുടങ്ങിയതോടെ രാപകൽ വ്യത്യാസമില്ലാതെ വവ്വാൽ, മലയണ്ണാൻ, കുരങ്ങ്, വെരുക് തുടങ്ങിയ ജീവികളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. രാത്രികാലങ്ങളിൽ എത്തുന്ന വവ്വാൽ, വെരുക് തുടങ്ങിയവ കശുമാമ്പഴത്തോടൊപ്പം കശുവണ്ടിയും കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതിനാൽ വിളനഷ്ടം വ്യാപകമാണ്. പകൽ സമയത്ത് മലയണ്ണാൻ, കുരങ്ങ് എന്നിവ പഴങ്ങൾ ഭക്ഷിക്കുന്നതോടൊപ്പം മൂപ്പ് എത്തുന്നതിനു മുമ്പുള്ള കശുവണ്ടിയും തിന്നു നശിപ്പിക്കുന്നു. കാര്യമായ ശുശ്രൂഷയോ വളപ്രയോഗമോ ഇല്ലാതെ കർഷകർക്ക് കിട്ടുന്ന അധിക ആദായമായിരുന്നു കശുവണ്ടി. വിള നശിപ്പിക്കാനുള്ള ജീവികളുടെ എണ്ണം വർദ്ധിച്ചതോടെ ആദായവും കുറഞ്ഞതായി മലയോരമേഖലയിലെ കർഷകർ പറഞ്ഞു.

വില നൂറിൽ താഴെ

ഫെബ്രുവരിയിൽ വിളവെടുപ്പ് സീസൺ ആരംഭിച്ചപ്പോൾ കശുവണ്ടി കിലോഗ്രാമിന് വിപണിയിൽ 124 രൂപയുണ്ടായിരുന്നു. ഇപ്പോഴിത് 98 രൂപയായി കുറഞ്ഞു. വിളവെടുപ്പ് സജീവമാകുന്നതോടെ വില ഇനിയും കുറയുമെന്ന് മലഞ്ചരക്ക് വ്യാപാരികൾ പറയുന്നു. വേനൽ മഴപെയ്താൽ കശുവണ്ടിയുടെ നിറം കുറഞ്ഞാൽ വില കുത്തനെ കുറയ്ക്കുക പതിവാണ്. മഴ തട്ടിയാൽ കശുവണ്ടിയുടെ തോടിന് മാത്രമേ നിറം കുറയുകയുള്ളൂ. എങ്കിലും കശുവണ്ടി പരിപ്പിന്റെ ഗുണനിലവാരത്തിന് മാറ്റം ഉണ്ടാകില്ലെങ്കിലും വില കുറയ്ക്കുക എന്നത് വ്യാപാരികളുടെ തന്ത്രമാണെന്നും കർഷകർ പരാതിപ്പെടുന്നു. കശുവണ്ടി ഫാക്ടറികൾക്ക് ഉയർന്ന വിലയിൽ വിദേശത്തുനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്ന സീസണിലാണ് മലഞ്ചരക്ക് വ്യാപാരികൾ സംഘടിതമായി വില കുറയ്ക്കുന്നത്.

കശുമാമ്പഴം പാഴാകുന്നു

സീസൺ ആയതോടെ വ്യാപകമായി ലഭിക്കുന്ന കശുമാമ്പഴത്തിന് ഉപയോഗമില്ലാതെ കന്നുകാലികൾക്ക് തീറ്റയായി നൽകുകയാണ് കർഷകർ ചെയ്യുന്നത്. സർക്കാർതലത്തിൽ കശുമാമ്പഴം സംസ്‌കരിച്ച് സ്‌ക്വാഷ്, ജെല്ലി, ജാം, അച്ചാർ തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള സംവിധാനവും ഉണ്ടാവണമെന്ന് കശുമാവ് കർഷകർ ആവശ്യപ്പെട്ടു.