പാലക്കാട്: കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ റെയിൽവേ പൊലീസിന് 'റെയിൽ മൈത്രീ' ആപ്പ് തയ്യാർ. ഓരോ റെയിൽവേ സ്റ്റേഷൻ പരിധിയിലും നടക്കുന്ന കുറ്റകൃത്യങ്ങളെപ്പറ്റി അറിയാൻ ആപ്ലിക്കേഷൻ സഹായകമാവും. ഒരു കുറ്റകൃത്യം നടക്കുമ്പോൾ കേസെടുക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും റെയിൽമൈത്രീ ആപ്പിൽ ലഭ്യമാവും. ആപ്പിനെക്കുറിച്ച് റെയിൽവേ പൊലീസുകാരിൽ ബോധവത്കരണം നടത്താനായി ക്ലാസുകളും ആരംഭിച്ചു.
ആപ്പ് ഡൗൺലോഡ് ചെയ്യുന്നതുവഴി സംസ്ഥാനത്ത് ഏതൊരു റെയിൽവേ പൊലീസിനും കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ അവരുടെ മൊബൈലുകളിലെത്തും. ഇതുവഴി കുറ്റകൃത്യത്തിലേർപ്പെട്ട പ്രതി ഏതു റെയിൽവേ സ്റ്റേഷനിലെത്തിയാലും തിരിച്ചറിയാനും സഹായകമാവും. റെയിൽവേ സ്റ്റേഷനുകളിൽ അനുദിനം വർദ്ധിക്കുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും ആപ്പ് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
കുറ്റകൃത്യം നടന്ന സമയം, സ്വഭാവം, പ്രതിയുടെ വിവരങ്ങൾ.
കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതി സ്ഥിരം കുറ്റവാളികളാണെങ്കിൽ അതിന്റെ മുഴുവൻ രേഖകൾ.
സ്ഥിരം ലഹരിക്കടത്തുകാരെപ്പറ്റിയുള്ള വിവരങ്ങൾ.
ലഹരി കടത്തുന്ന പ്രതികൾ ഏതു റെയിൽവേ സ്റ്റേഷനിലെത്തിയാലും റെയിൽവേ പൊലീസിന് പരിശോധിക്കാനാകും.
റെയിൽവേ അപകടങ്ങളുടെ വിവരങ്ങളും ആപ്പിലുണ്ടാവും.
ആപ്പ് റെയിൽവേ പൊലീസിന് മാത്രം
റെയിൽവേ പൊലീസിന് മാത്രമായി സജ്ജമാക്കിയ ആപ്പ് ആയതിനാൽ റെയിൽമൈത്രി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല. സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്ന ക്രൈം ഡ്രൈവ് എന്ന പൊലീസ് ആപ്ലിക്കേഷൻ വൻ വിജയമായിരുന്നു. റെയിൽവേ പൊലീസ് ശേഖരിക്കുന്ന ക്രൈം ഡീറ്റെയ്ൽസ് ആവശ്യമെങ്കിൽ കേരള പൊലീസിനും കൈമാറാനാകുമെന്നതിനാൽ പല കേസുകളിലും പൊലീസിനും ഇതു സഹായകരമാവും.