vela

ആലത്തൂർ: പുലർച്ചെ 3 മണിക്ക് ഗണപതി മന്ദിൽ ദേശം വക ഗണപതി ഹോമവും തുടർന്ന് ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി ടി.ആർ.പാർത്ഥസാരതിയുടെ കാർമികത്വത്തിൽ ഗണപതിഹോമത്തോടെ തെന്നിലാപുരം വേല ആഘോഷം ആരംഭിച്ചു. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും നടന്നു. തുടർന്ന് രാവിലെ 9 മണി മുതൽ 10.30 വരെ ക്ഷേത്രാംഗണത്തിൽ അമ്പലം ബ്രദേഴ്സ് സമർപ്പിക്കുന്ന പഞ്ചവാദ്യം, വെളിച്ചപ്പാട് വീട്ടിൽ നിന്നും നൃത്ത വാദ്യത്തോടെ ഭഗവതിയുടെ വാളും ചിലമ്പും ചീർമ്പക്കാവിലേക്കും അവിടുന്ന് ക്ഷേത്രത്തിലേക്കും എഴുന്നെള്ളതായി കൂട്ടാലയിലേക്കും, കൂട്ടാലയിൽ തിടംമ്പുപൂജയും നടന്നു.

ഉച്ചക്ക് 2 മണിക്ക് കൂട്ടാലയിൽ നിന്നും ചീർമ്പക്കാവിലെക്കും തിരിച്ച് ഗണപതി മന്ദിലേക്കും ബ്രാഹ്മണ സമൂഹം വക ഭഗവതി എഴുന്നെള്ളിപ്പ്, അഞ്ച് ആനകൾ പന്തലിൽ നിരന്നു. ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരൻമാർ ആലവട്ടവും വെഞ്ചാമരവും മനോഹാരിത തീർത്തു.

കിഴക്കേത്തറ ഉത്സവക്കമ്മിറ്റി വക വനിതകളുടെ ശിങ്കാരിമേളവും, ചീനിക്കോട് കണ്ണ്യാർ കമ്മിറ്റി വക താംബോലം കലാപരിപാടിയും ഉത്സവപ്പറമ്പിൽ അവസാനിച്ചു. വൈകിട്ട് 4 മണി മുതൽ ബ്രാഹ്മണ സമൂഹം, ഈഴവ സമുദായം വക പഞ്ചവാദ്യം, നൃത്ത വാദ്യം ടാസ്‌ക് കലാ കായിക സമിതിയുടെ താംബോലവും, ഉലക്ക ഡാൻസും, ദേശം വക അനപന്തലിൽ ദീപാലങ്കാരവും, അനപ്പന്തലിൽ നിന്നും അഞ്ചു ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ഭഗവതി എഴുന്നെള്ളിപ്പ് തുടർന്ന് ഏഴുവട്ടം കളിയും 22 ന് പുലർച്ചെ കൂട്ടാലയിൽ കളമെഴുത്തുപാട്ടും, എഴുത്തച്ചൻ സമുദായം വക കമ്പം കത്തിക്കലും വെടിക്കെട്ടും തുടർന്ന് രഥം (തേര്) എഴുന്നെള്ളത്ത് കാവുകയറ്റത്തോട് കൂടി വേലയ്ക്കു കൊടിയിറങ്ങി.