
വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിനുശേഷം പാലക്കാട് - പൊള്ളാച്ചി - പഴനി റൂട്ടിൽ പുതിയ എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. നാലുവർഷം മുമ്പ് ടൈംടേബിൾ കമ്മിറ്റി ശുപാർശ ചെയ്ത മംഗളൂരു - രാമേശ്വരം ട്രെയിൻ സർവീസിനാണിപ്പോൾ അനുമതി ലഭിച്ചിട്ടുള്ളത്. സർവീസ് ആഴ്ചയിൽ ഒരിക്കലാണെങ്കിലും വരുമാനത്തിന്റെ അടിസ്ഥാനത്തിൽ എണ്ണം വർദ്ധിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന. സർവീസിന് ഒരുക്കങ്ങൾ അതിവേഗം നടത്താനാണ് പാലക്കാട് ഡിവിഷൻ റെയിൽവേ ബോർഡിൽ നിന്നു ലഭിച്ച നിർദ്ദേശം. നേരത്തേ, അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുമെന്ന് പ്രഖ്യാപനം വന്നിരുന്നെങ്കിലും ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. ഒമ്പതാണ്ടുകൾക്ക് മുമ്പ് ബ്രോഡ് ഗേജ് പാതയാക്കി മാറ്റിയ പാലക്കാട് - പൊള്ളാച്ചി പാതയ്ക്ക് പുതിയ പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ശനിയാഴ്ച വൈകിട്ട് 7.30 മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (16622) ഞായറാഴ്ച പുലർച്ചെ രണ്ടിനു പാലക്കാട്ടും രാവിലെ 4.05നു പൊള്ളാച്ചിയിലും 11.45നു രാമേശ്വരത്തും എത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടംഛത്രം, ദിണ്ടിഗൽ, മധുര, മാനമധുര, രാമനാഥപുരം എന്നീ സ്റ്റേഷനുകളിലാണു സ്റ്റോപ്പുകൾ. രാമേശ്വരത്തു നിന്നു ഞായറാഴ്ച ഉച്ചയ്ക്കു രണ്ടിനുള്ള മടക്ക സർവീസ് രാത്രി 9.30നു പൊള്ളാച്ചിയിലും 10.55നു പാലക്കാട്ടും പുലർച്ചെ 5.50നു മംഗളൂരും എത്തും. ഒരു ഫസ്റ്റ് എസി, രണ്ട് സെക്കൻഡ് എസി, ആറ് തേഡ് എസി, 7 സ്ലീപ്പർ, 6 ജനറൽ ഉൾപ്പെടെ 22 എൽ.എച്ച്.ബി കോച്ചുകളാണു ട്രെയിനിലുണ്ടാവുക.
മംഗളൂരുവിലാണ് ട്രെയിനിന്റെ പ്രാഥമിക പരിപാലനം. ആഴ്ചയിലൊരിക്കൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനും, ചെന്നൈ - മംഗളൂരു എക്സ്പ്രസിനും ഇടയ്ക്കുള്ള സർവീസായി ട്രെയിൻ മാറും. ശനിയും ഞായറുമായതിനാൽ അവധി ദിവസങ്ങളിൽ നാട്ടിലെത്താനും തീർത്ഥയാത്രയ്ക്കും സർവീസ് സഹായമാകും. രാമേശ്വരം സ്റ്റേഷൻ, ട്രാക്ക് വികസനം കൂടി പൂർത്തിയാകുന്നതോടെയാകും സർവീസുകളുടെ വർദ്ധിപ്പിക്കുന്നത് എന്നാണു സൂചന. ഒൻപതു വർഷം മുൻപാണ് പാലക്കാട് - പൊള്ളാച്ചി പാത കമ്മിഷൻ ചെയ്തത്.
കൂടുതൽ
മെമുവും
പാലക്കാട് - പൊള്ളാച്ചി റെയിൽവേ ലൈനിൽ അനുവദിച്ച മംഗളൂരു - രാമേശ്വരം ട്രെയിനിന്റെ വരവ് പുതിയ ട്രെയിനുകൾക്കും സാദ്ധ്യത തുറന്നിടും. മീറ്റർ ഗേജ് കാലത്തു സർവീസ് നടത്തിയിരുന്ന രാമേശ്വരം ട്രെയിനുകൾക്ക് ഏറെ യാത്രക്കാരുണ്ടായിരുന്നു. പാലക്കാട് - രാമേശ്വരം പാസഞ്ചർ ട്രെയിനുകളിൽ പഴനി, മധുര, രാമേശ്വരം എന്നീ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഒട്ടേറെ യാത്രികർ ഉണ്ടായിരുന്നു. ഗേജ് മാറ്റത്തിനു ശേഷം നിറുത്തിയ ട്രെയിനുകൾ ആരംഭിക്കാത്തതിൽ കടുത്ത പ്രതിഷേധം നിലനിൽക്കെയാണ് ആഴ്ചയിൽ ഒരു ദിവസം എന്ന നിലയ്ക്ക് മംഗളൂരു - രാമേശ്വരം ട്രെയിൻ ആരംഭിക്കാൻ റെയിൽവേ അനുമതി നൽകിയത്.
യാത്രികരുടെ തിരക്ക് ഉണ്ടായാൽ കൂടുതൽ ദിവസം ആക്കുന്ന കാര്യം റെയിൽവേ പരിഗണിക്കും. ഇതിനൊപ്പം തന്നെ എറണാകുളം - രാമേശ്വരം ട്രെയിൻ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ട്. ഗേജ് മാറ്റത്തിനു ശേഷം വൈദ്യുതീകരണം പൂർത്തിയാക്കിയ പാലക്കാട് - പൊള്ളാച്ചി ലൈനിൽ മെമു ഉൾപ്പെടെ കൂടുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. പാലക്കാട് - പൊള്ളാച്ചി - പോത്തന്നൂർ, പാലക്കാട് - പൊള്ളാച്ചി - പഴനി എന്നീ മെമു ട്രെയിനുകൾക്കാണു സാദ്ധ്യത. പാലക്കാട് നിന്നും ആരംഭിച്ചു പൊള്ളാച്ചി വഴി പോത്തന്നൂർ പോകുന്ന മെമു പിന്നീട് കോയമ്പത്തൂർ വഴി പാലക്കാട്ടേക്കും സർവീസ് നടത്തും.
ട്രയാംഗുലർ സർവീസ് എന്ന നിലയ്ക്കാണു മെമു ട്രെയിനുകൾ റെയിൽവേ പരിഗണിച്ചിരുന്നത്. ഇതുകൂടാതെ തീർത്ഥാടന കേന്ദ്രമായ പഴനിയിലേക്കും പാലക്കാട് നിന്നും മെമു ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ യാത്രക്കാരുണ്ടാകുമോ എന്ന ആശങ്കയിലാണ് അതു മാറ്റിയത്. മംഗളൂരു - രാമേശ്വരം ട്രെയിൻ വിജയിച്ചാൽ മെമുവിനും സാദ്ധ്യത തെളിയും. ആരംഭിക്കുന്ന ട്രെയിനുകൾക്കു കൊല്ലങ്കോട്ടും സ്റ്റോപ്പ് അനുവദിക്കുന്നതു യാത്രക്കാർക്കു സൗകര്യമാകും. പാലക്കാട് - പൊള്ളാച്ചി റെയിൽവേ ലൈൻ മീറ്റർ ഗേജായിരുന്ന കാലത്തു കൊല്ലങ്കോട് ഒരു പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു. എന്നാൽ ഗേജ് മാറ്റത്തിനു ശേഷം കൊല്ലങ്കോട് അവഗണിക്കപ്പെടുകയായിരുന്നു.
പുതിയ ലൈനിൽ ആദ്യ ഘട്ടത്തിൽ തിരുച്ചെന്തൂർ എക്സ്പ്രസ് ട്രെയിനിനു മാത്രമായിരുന്നു കൊല്ലങ്കോട് സ്റ്റോപ്പ് ഉണ്ടായിരുന്നത്. പിന്നീട് ജനകീയ ആവശ്യത്തിനൊടുവിലാണു അമൃത എക്സ്പ്രസിനു കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിച്ചത്. കൊല്ലങ്കോട് സ്റ്റോപ്പ് വരുന്നത് വാണിജ്യ ആവശ്യങ്ങൾക്ക് ഒപ്പം തീർത്ഥാടന ആവശ്യങ്ങൾക്കും ഏറെ പ്രയോജനപ്പെടും.
യാത്രക്കാർക്ക്
പരീക്ഷണവും
നിലമ്പൂർ - ഷൊർണൂർ റൂട്ടിലെ ദീർഘദൂര യാത്രക്കാർക്ക് പരീക്ഷണമാവുകയാണ് ഷൊർണൂരിൽ നിന്നുള്ള കണക്ഷൻ ട്രെയിനുകൾ. ഇവ ലക്ഷ്യമാക്കി ട്രെയിനിൽ യാത്ര പോകുന്ന ഏറെ പേരുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഒട്ടേറെ യാത്രക്കാരാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ കടന്നുപോയ കണക്ഷൻ ട്രെയിൻ ലഭിക്കാതെ വലഞ്ഞത്. ട്രെയിനുകൾ ഇടയ്ക്ക് പിടിച്ചിട്ടതായിരുന്നു കാരണം.
നിലമ്പൂർ - ഷൊർണൂർ റൂട്ടിലെ ദീർഘദൂര യാത്രക്കാർ കഴിഞ്ഞ ദിവസം കണക്ഷൻ ട്രെയിൻ ലഭിക്കാതെ മണിക്കൂറുകളോളം വലഞ്ഞിരുന്നു. നിലമ്പൂരിൽ നിന്ന് രാവിലെ 7ന് പുറപ്പെട്ട ട്രെയിനിലെ 90 ശതമാനം ആളുകളും ഷൊർണൂരിൽ നിന്ന് തുടർ യാത്രയ്ക്കുള്ളവരായിരുന്നു. ഷൊർണൂരിൽ എത്തിയ ട്രെയിനിൽ നിന്നിറങ്ങിയവർ മണിക്കൂറുകളോളം കാത്തു നിന്നാണ് എറണാകുളം ഭാഗത്തേക്ക് പോയത്. ഷൊർണൂരിൽ ഈ ട്രെയിൻ എത്തിയപ്പോഴേക്കും സെക്കൻഡുകളുടെ വ്യത്യാസത്തിൽ ആലപ്പുഴ എക്സിക്യൂട്ടീവ് ഷൊർണൂരിൽ നിന്ന് പുറപ്പെട്ടു.
നൂറു കണക്കിന് വിദ്യാർത്ഥികളും പ്രായമായവർ ഉൾപ്പെടെ ഷൊർണൂരിൽ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നു. രാവിലെ 5.30ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന വണ്ടി റദ്ദ് ചെയ്തതിനാൽ യാത്രക്കാർ ഏറെയും രാവിലെ 7ന് പുറപ്പെടുന്ന ട്രെയിനിലാണ് ഷൊർണൂരിൽ എത്തിയത്. തിരുവനന്തപുരം ജനശതാബ്ദി, തിരുനെൽവേലി വീക്ക്ലി എക്സ്പ്രസ് ഉൾപ്പെടെ ഉള്ള ട്രെയിനുകൾക്ക് പോകേണ്ടവർ ഉൾപ്പെടെ രാവിലത്തെ ട്രെയിൻ റദ്ദ് ചെയ്തതിനാൽ ആലപ്പുഴ ട്രെയിനിൽ യാത്ര ചെയ്യാനായി ഒരുങ്ങി എത്തിയതായിരുന്നു. നൂറുകണക്കിന് ആളുകൾക്കാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ കണക്ഷൻ ട്രെയിൻ നഷ്ടമായത്. കണക്ഷൻ ട്രെയിൻ കൃത്യമായി ലഭ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.