court

ആലത്തൂർ: ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി തുറന്നു. ജില്ലയിലെ മൂന്നാമത്തെ പോക്‌സോ കോടതിയാണിത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ്‌കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ തീർപ്പാക്കാനാണ് പോക്‌സോ കോടതികളെങ്കിലും അത്തരം കേസുകൾ ഉണ്ടാവാതിരിക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടതെന്ന് ജസ്റ്റിസ് ദിനേഷ്‌കുമാർ സിംഗ് പറഞ്ഞു. പോക്‌സോ കോടതിയുടെ പ്രവർത്തനത്തിന് കെട്ടിടം വിട്ട് നൽകിയ ബാർ അസോസിയേഷനെ അദ്ദേഹം അഭിനന്ദിച്ചു.

കെ.ഡി.പ്രസേനൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഫർണിച്ചറിനും ജഡ്ജിയുടെ ഡയസിനും കേന്ദ്രസർക്കാർ 8.5 ലക്ഷം രൂപയും അനുവദിച്ചു. മുൻ എം.എൽ.എയായ എം.ചന്ദ്രന്റെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകകൊണ്ട് നിർമ്മിച്ച ബാർ അസോസിയേഷൻ കെട്ടിടം 2015 ഒക്ടോബർ 3 നാണ് തുറന്നത്. ഈ കെട്ടിടമാണ് അസോസിയേഷൻ പോക്‌സോ കോടതി ആരംഭിക്കാൻ വിട്ട് കൊടുത്തത്. കോടതി വളപ്പിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.സി.ജോർജ് അദ്ധ്യക്ഷനായി.

എക്സിക്യൂട്ടീവ് എൻജിനീയർ സി.രാജേഷ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡിവൈ.എസ്.പി വിശ്വനാഥൻ, ആലത്തൂർ ബാർ അസോസിയേഷൻ സെക്രട്ടറി ടി.സതീഷ്, അഡ്വ. ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ എന്നിവർ സംഗിസാരിച്ചു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.അനന്തകൃഷ്ണ നവാഡ സ്വാഗതവും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വി.ശ്രീജ നന്ദിയും പറഞ്ഞു.

ജില്ലയിലെ മൂന്നാമത്തെ പോക്‌സോ കോടതി

ജില്ലയിലെ മൂന്നാമത്തെ പോക്‌സോ കോടതിയാണിത്. മുൻസിഫ് മജിസ്‌ട്രേട്ട് കോടതി വളപ്പിലാണ് കോടതി പ്രവർത്തിക്കാൻ പോകുന്നത്. ബാർ അസോസിയേഷൻ വിട്ടു കൊടുത്ത കെട്ടിടം കൂടാതെ അതിനോട് ചേർന്നുള്ള സ്ഥലത്ത് മുകളിലും താഴെയുമായി 500 ചതുരശ്ര അടിയിൽ ഒരു കെട്ടിടം കൂടി നിർമ്മിച്ചാണ് പോക്‌സോ കോടതിക്ക് സൗകര്യം ഒരുക്കിയത്. ജഡ്ജിയുടെ ചേംബർ, പ്രോസിക്യൂട്ടർക്കുള്ള ഓഫീസ്, വിസ്താരത്തിനുള്ള കൂടുകൾ, അതിജീവിതയ്ക്കുള്ള മുറി എന്നിവയാണ് നിർമ്മിച്ചിട്ടുള്ളത്.