kavassery

ആലത്തൂർ: താളമേളങ്ങളും ആനയും അമ്പാരിയും കരിമരുന്നിന്റെ ദ്രിശ്യ ചാരുതയുമായി കാവശ്ശേരി പൂരം ആഘോഷിച്ചു. ദേവസ്വവും കാവശ്ശേരി, കഴനി, വാവുള്യാപുരം ദേശങ്ങളും പകൽപ്പൂര കമ്മിറ്റിയും ചേർന്നാണ് ഉത്സവം നടത്തുന്നത്.
വെള്ളിയാഴ്ച പറവേല ആഘോഷിച്ചു. കാവശ്ശേരി ദേശം ഈട് വെടിയാലിങ്കൽ വെള്ളിയാഴ്ച ആൽത്തറ മേളം ഒരുക്കി. കഴനി ദേശത്ത് കണ്യാർ സമാപനം പറവേല ഊർവലത്തിന് സ്വീകരണം, അമ്മിചാരിവെടി, വാവുളള്യാപുരത്ത് വലിയാണ്ടി, ആന, പഞ്ചവാദ്യം, ദേശവാദ്യം, ആണ്ടി എഴുന്നെള്ളത്ത്, കണ്യാർകളി എന്നിവ ഉണ്ടായിരുന്നു.
തലേദിവസം ഈടുവെടിയാലിങ്കൽ ദേവസ്വം ഒരുക്കിയ ആനപ്പന്തൽ ദീപാലംകൃതമായി. പരക്കാട്ട് ഭഗവതി ക്ഷേത്രാങ്കണത്തിൽ ആനച്ചമയ പ്രദർശനവും രാത്രി സാമ്പിൾ വെടിക്കെട്ടും നടത്തി. ഇന്നലെ തന്ത്രി ഏറനൂർമന പ്രസാദ് നമ്പൂതിരിപ്പാട്, മേൽശാന്തി രാമചന്ദ്ര ഭട്ട് എന്നിവരുടെ കാർമ്മികത്വത്തിൽ ഉത്സവച്ചടങ്ങുകൾക്ക് നടന്നു. ബ്രാഹ്മണസമൂഹം വേദപാരായണം നടത്തി. പരക്കാട്ട് കാവിൽ നിന്ന് കഴനി ദേശമന്ദത്തേക്ക് ദേശകുതിരയ്ക് അണിയാനുള്ള കിണ്ണം എഴുന്നെള്ളിച്ചു. വാവുള്യാപുരം കൂട്ടാല മന്ദിൽ ഉച്ചയ്ക് മന്ദ് മുഴക്കും.
ഉച്ചയ്ക് 12 മുതൽ കഴനി ചുങ്കത്ത് വാവുള്യാപുരം, കഴനി, കാവശ്ശേരി ദേശക്കാർ ഈട് വെടി നടത്തി. മൂന്ന് ദേശങ്ങളുടെയും ഈട് വെടി കാണുന്നതിനായി പതിനായിരങ്ങൾ അണിനിരന്നു. വൈകീട്ട് നാലിന് കൂട്ടാലയിൽ എഴുന്നെള്ളത്താരംഭിച്ച് എഴുന്നെള്ളത്ത് കാവ് കയറി. പകൽപ്പൂരക്കമ്മിറ്റിയുടെ വെടിക്കെട്ട് നടന്നു.

ഇന്ന് പുലർച്ചെ ഒന്നിന് കമ്മാൻ കുതിര, ദേശക്കുതിരകൾ എന്നിവ ഈട് വെടിയാലിങ്കൽ എത്തിയതോടെ മൂന്ന് ദേശക്കാരും വെടിക്കെട്ട് നടത്തും. കുതിരകൾ കാവ് കയറി അതാത് ദേശങ്ങളിലേക്ക് മടങ്ങും. ക്ഷേത്രപാലകന് ഗുരുദി സമർപ്പിച്ച് ഏഴ് ദിവസത്തേക്ക് നട അടക്കും. 29 ന് പഴംപൂരം ആഘോഷവും കൂറ ഇറക്കലും നടത്തും.