പട്ടാമ്പി: ചാലിശേരി പഞ്ചായത്തിൽ കാട്ടുപന്നി ശല്യം വീണ്ടും രൂക്ഷമായി. ഏഴാം വാർഡിലെ പ്രദേശങ്ങളിലാണ് പകൽ രാത്രി ഭേദമില്ലാതെ പന്നികൾ കൂട്ടത്തോടെ ഇറങ്ങുന്നത്. എം.സി.മാത്യുക്കുട്ടിയുടെ രണ്ടര ഏക്കർ സ്ഥലത്ത് ഒരാഴ്ചയ്ക്കിടെ രണ്ട് തവണയെത്തിയ കാട്ടുപന്നികൾ നൂറോളം കുലച്ച വാഴകളാണ് നശിപ്പിച്ചത്. സമീപത്തെ വിവിധ വാർഡുകളിലെ തോട്ടങ്ങളിലും പന്നികൾ വിളനാശം ഉണ്ടാക്കിയിട്ടുണ്ട്. പന്നികളെ പിടികൂടാൻ അടിയന്തര നടപടികൾ വേണമെന്ന് പലവട്ടം പ്രദേശവാസികൾ ആവശ്യപ്പെട്ടുവെങ്കിലും ഇത് വരെ നടപടിയൊന്നും ആരംഭിച്ചിട്ടില്ല. വലിയ കാട്ടുപന്നികൾ കൂട്ടത്തോടെ പകൽ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് പരിസര വാസികൾക്കും വലിയ ഭീഷണിയാകുന്നുണ്ട്.
കഴിഞ്ഞ മാസം പഞ്ചായത്തിലെ കിഴക്കെ പട്ടിശേരിയിൽ ജനങ്ങൾക്കും കർഷകർക്കും ഭീഷണിയായ നാൽപ്പതോളം കാട്ടുപന്നികളെ വെടിവെച്ചു കൊന്നിരുന്നു. കൃഷിനാശം വർദ്ധിച്ചതോടെയാണ് കർഷകർ കാട്ടുപന്നികളെ പിടികൂടാൻ അധികാരികളുടെ സഹായം തേടിയത്. പെരിന്തൽമണ്ണ സ്വദേശിയായ വേട്ടക്കാരൻ അലിയുടെ നേതൃത്വത്തിൽ 15 പേരടങ്ങിയ സംഘമാണ് കഴിഞ്ഞ തവണ കാട്ടുപന്നികളെ പിടികൂടിയത്. വീണ്ടും കാട്ടുപന്നിക ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ തൃത്താല എം.എൽ.എ കൂടിയായ മന്ത്രിയോ പഞ്ചായത്ത് ഭരണ സമിതികളോ മുന്നോട്ട് വരണമെന്നാണ് ചാലിശ്ശേരി പഞ്ചായത്ത് നിവാസികൾ ആവശ്യപ്പെടുന്നത്.