പാലക്കാട്: രണ്ടാംവിള നെല്ലെടുപ്പിൽ സംഭരണപരിധിയിൽ കൂടുതൽ നെല്ലുത്പാദനമുള്ള കർഷകർക്ക് കൃഷി ഓഫീസർമാർ സാക്ഷ്യപത്രം നൽകാത്തത് പ്രതിസന്ധിയുണ്ടാക്കുന്നതായി പരാതി. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ ഉത്പാദനം കുറവാണ്. ഏക്കറിന് 2,000 കിലോഗ്രാമോളം കുറവുണ്ട്. ഈ സാഹചര്യം മുതലെടുത്ത് കർഷകരുടെ കണക്കിൽ പുറത്തു നിന്നുള്ള നെല്ല് കയറ്റി താങ്ങുവില തട്ടിയെടുക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇക്കാരണത്താൽ കൃത്യമായ പരിശോധന നടത്തിയശേഷമേ അധിക നെല്ലുത്പാദനമുണ്ടെന്ന സർട്ടിഫിക്കറ്റ് നൽകാനാകൂ എന്നാണ് കൃഷി ഓഫീസർമാരുടെ നിലപാട്. ഏക്കറിന് ഒന്നോ, രണ്ടോ ചാക്ക് നെല്ല് അധിക ഉത്പാദനമുള്ള കർഷകർ കൃഷി ഓഫീസ് കയറിയിറങ്ങുകയാണ്.

ഏക്കറിന് 2,200 കിലോഗ്രാമാണ് സപ്ലൈകോ നെല്ലുസംഭരിക്കുന്ന പരിധി. ജലസേചനസൗകര്യമുള്ളവരും നേരത്തേ കൃഷിയിറക്കിയവരുമായ കർഷകർക്ക് പരിധിയിലും കൂടുതൽ വിളവ് ലഭിച്ചിട്ടുമുണ്ട്.

ജില്ലയിൽ ഇതുവരെ 27,000 മെട്രിക് ടൺ നെല്ല് സംഭരിച്ചു. എന്നാൽ എരിമയൂർ, കൂട്ടാല, തരൂർ, കുത്തനൂർ പ്രദേശങ്ങളിൽ പച്ച രസീത് നൽകി മൂന്നാഴ്ചയിലേറെയായിട്ടും നെല്ല് കയറ്റിപ്പോയില്ലെന്ന പരാതിയും വ്യാപകമാണ്.

വീട്ടിനുള്ളിലും പാറപ്പുറത്തും സിറ്റൗട്ടിലും മറ്റുമാണ് കർഷകർ നെല്ല് സൂക്ഷിച്ചിരിക്കുന്നത്. വേനൽ മഴപെയ്താൽ ഇവരുടെ കാര്യം കഷ്ടത്തിലാകും. ഇത്തരത്തിൽ നെല്ല് പുറംസ്ഥലത്ത് സൂക്ഷിക്കുന്നവരുടെ പട്ടിക പാടശേഖര സെക്രട്ടറിമാർ നൽകിയാൽ ആദ്യം അവരുടെ നെല്ലെടുക്കാൻ ക്രമീകരണം ഏർപ്പെടുത്തുമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ വ്യക്തമാക്കി.

 കാത്തിരിപ്പ് തുടരുന്നു

പണമില്ലായ്മ എന്ന പ്രശ്നം സപ്ലൈകോയെ വിട്ടൊഴിയുന്നില്ല. ഫെബ്രുവരി 24വരെ സ്ഥിരീകരിച്ച പി.ആർ.എസുകളുടെ പട്ടിക ബാങ്കുകൾക്ക് കൈമാറി, തുക കർഷകരുടെ അക്കൗണ്ടിലേക്ക് നൽകുന്നതിന് നടപടിയായി. 25 ദിവസത്തിനിടെ നെല്ലളന്ന് പി.ആർ.എസ് സ്ഥിരീകരിക്കപ്പെട്ടവർക്ക് നെല്ലുവില നൽകുന്നതിന് യാതൊരു നടപടിയുമായിട്ടില്ല. വൈകാതെ ഒരുവിഹിതം കിട്ടുമെന്നാണ് പ്രതീക്ഷ.