പാലക്കാട്: നിർദിഷ്ട മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിർമ്മാണം ആരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. പുതുക്കി സമർപ്പിച്ച എസ്റ്റിമേറ്റിന് സാങ്കേതികാനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. മൂന്നുമാസം കൊണ്ട് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയുമെന്നാണ് 2023 നവംബർ 17ന് അലനല്ലൂരിൽ എൻ.ഷംസുദ്ദീൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചിരുന്നത്. പക്ഷേ,​ മാസം അഞ്ച് പിന്നിട്ടിട്ടും നടപടിയാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
ഇ​നി ലോ​ക്‌​സ​ഭ തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്റെ സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച് ജൂ​ൺ 15നു​ ശേ​ഷ​മേ കി​ഫ്ബി​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി ക​മ്മി​റ്റി യോ​ഗം ചേ​രുകയുള്ളൂ. സാങ്കേതികാ​നു​മ​തി ല​ഭ്യ​മാ​കാതെ അ​ധി​കൃ​ത​ർക്ക് ടെ​ൻഡർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാൻ സാധിക്കില്ല. 91.4 കോ​ടി രൂ​പ​യാ​ണ് ആ​ദ്യ​ഘ​ട്ട നിർമാ​ണ​ത്തി​നാ​യി പ്രതീക്ഷിക്കുന്ന ചെലവ്.

 അഞ്ച് റീച്ചുകൾ, 70 കിലോ മീറ്റർ

ജി​ല്ല​യി​ൽ വി​വി​ധ മ​ല​യോ​ര മേ​ഖ​ല​ക​ളെ പ്ര​ധാ​ന​ പാ​ത​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചു​ള്ള മ​ല​യോ​ര ഹൈ​വേ പ​ദ്ധ​തി അ​ഞ്ച്​ റീ​ച്ചു​ക​ളി​ലാ​യി പൂ​ർത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം. 12 മീ​റ്റ​ർ വീ​തി​യിൽ ആ​കെ 70 കി​ലോ മീ​റ്റ​റി​ലാ​ണ് മ​ല​യോ​ര​പാ​ത ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​വു​ക. മ​ല​പ്പു​റം ജി​ല്ല അ​തി​ർത്തി​യി​ൽ നി​ന്ന്​ അ​ല​ന​ല്ലൂ​ർ വ​ഴി കു​മ​രം​പു​ത്തൂ​ർ ചു​ങ്ക​ത്ത് പാ​ല​ക്കാ​ട് -​ കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ​ത്തി​യാ​ണ് ആ​ദ്യ​റീ​ച്ച് അ​വ​സാ​നി​ക്കു​ക. ഇവിടെ നിന്ന് താണാവ് വഴി പാലക്കാട് - തൃശൂർ ഹൈവേയിലെത്തും. തുടർന്ന് പാറ - പൊള്ളാച്ചി റോഡ് വഴി ഗോപാലപുരത്തേക്കും എത്തിച്ചേരും.

ഗോപാലപുരത്തു നിന്ന് കന്നിമാരി മേടുവരെയാണ് രണ്ടാം റീച്ച് നിർമ്മിക്കുക. കന്നിമാരിമേടിൽ നിന്ന് നെടുമണി വരെ മൂന്നാം റീച്ചും പനങ്ങാട്ടിരിയിൽ നിന്ന് വിത്തനശ്ശേരി വരെ നാലാം റീച്ചും നിർമ്മിക്കും. അയിനംപാടത്തു നിന്ന് വടക്കഞ്ചേരി തങ്കം ജംഗ്ഷൻ വരെയാണ് അഞ്ചാം റീച്ച്.

 സർവ്വേ പുരോഗമിക്കുന്നു

പലയിടത്തും ഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. ഇതിന് അതിർത്തി നിർണയിക്കാനുള്ള സർവേ നടപടികളും നടന്നുവരുകയാണ്. മണ്ണാർക്കാട് മേഖലയിലെ 18.1 കിലോമീറ്റർ ദൂരമുള്ള ആദ്യറീച്ചിന്റെ സർവേ നടപടികളെല്ലാം മാസങ്ങൾക്ക് മുമ്പ് പൂർത്തിയായതാണ്. നിലവിലെ കുമരംപുത്തൂർ - ഒലിപ്പുഴ സംസ്ഥാനപാത മലയോര ഹൈവേയാകാൻ ആവശ്യമായ വീതിയുണ്ട്. ആദ്യം സമർപ്പിച്ച വിശദ പദ്ധതിരേഖയിൽ ചിലമാറ്റങ്ങൾ വരുത്തിയാണ് രണ്ടാമതും സമർപ്പിച്ചത്. രണ്ടുമാസം മുമ്പാണ് ഇത് സാങ്കേതിക അനുമതിക്കായി സമർപ്പിച്ചത്. ടെൻഡർ കഴിഞ്ഞ് കരാർ വെച്ചാൽ മാത്രമേ പദ്ധതി തുടങ്ങുന്നതും പൂർത്തിയാക്കുന്നതുമായ കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ.