
പാലക്കാട്: നിർദിഷ്ട മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിർമ്മാണം ആരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. പുതുക്കി സമർപ്പിച്ച എസ്റ്റിമേറ്റിന് സാങ്കേതികാനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. മൂന്നുമാസം കൊണ്ട് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയുമെന്നാണ് 2023 നവംബർ 17ന് അലനല്ലൂരിൽ എൻ.ഷംസുദ്ദീൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചിരുന്നത്. പക്ഷേ, മാസം അഞ്ച് പിന്നിട്ടിട്ടും നടപടിയാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
ഇനി ലോക്സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ സമയപരിധി അവസാനിച്ച് ജൂൺ 15നു ശേഷമേ കിഫ്ബിയുടെ സാങ്കേതിക അനുമതി കമ്മിറ്റി യോഗം ചേരുകയുള്ളൂ. സാങ്കേതികാനുമതി ലഭ്യമാകാതെ അധികൃതർക്ക് ടെൻഡർ നടപടികളിലേക്ക് കടക്കാൻ സാധിക്കില്ല. 91.4 കോടി രൂപയാണ് ആദ്യഘട്ട നിർമാണത്തിനായി പ്രതീക്ഷിക്കുന്ന ചെലവ്.
അഞ്ച് റീച്ചുകൾ, 70 കിലോ മീറ്റർ
ജില്ലയിൽ വിവിധ മലയോര മേഖലകളെ പ്രധാന പാതകളുമായി ബന്ധിപ്പിച്ചുള്ള മലയോര ഹൈവേ പദ്ധതി അഞ്ച് റീച്ചുകളിലായി പൂർത്തിയാക്കാനാണ് ലക്ഷ്യം. 12 മീറ്റർ വീതിയിൽ ആകെ 70 കിലോ മീറ്ററിലാണ് മലയോരപാത ജില്ലയിലൂടെ കടന്നുപോവുക. മലപ്പുറം ജില്ല അതിർത്തിയിൽ നിന്ന് അലനല്ലൂർ വഴി കുമരംപുത്തൂർ ചുങ്കത്ത് പാലക്കാട് - കോഴിക്കോട് ദേശീയപാതയിലെത്തിയാണ് ആദ്യറീച്ച് അവസാനിക്കുക. ഇവിടെ നിന്ന് താണാവ് വഴി പാലക്കാട് - തൃശൂർ ഹൈവേയിലെത്തും. തുടർന്ന് പാറ - പൊള്ളാച്ചി റോഡ് വഴി ഗോപാലപുരത്തേക്കും എത്തിച്ചേരും.
ഗോപാലപുരത്തു നിന്ന് കന്നിമാരി മേടുവരെയാണ് രണ്ടാം റീച്ച് നിർമ്മിക്കുക. കന്നിമാരിമേടിൽ നിന്ന് നെടുമണി വരെ മൂന്നാം റീച്ചും പനങ്ങാട്ടിരിയിൽ നിന്ന് വിത്തനശ്ശേരി വരെ നാലാം റീച്ചും നിർമ്മിക്കും. അയിനംപാടത്തു നിന്ന് വടക്കഞ്ചേരി തങ്കം ജംഗ്ഷൻ വരെയാണ് അഞ്ചാം റീച്ച്.
സർവ്വേ പുരോഗമിക്കുന്നു
പലയിടത്തും ഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. ഇതിന് അതിർത്തി നിർണയിക്കാനുള്ള സർവേ നടപടികളും നടന്നുവരുകയാണ്. മണ്ണാർക്കാട് മേഖലയിലെ 18.1 കിലോമീറ്റർ ദൂരമുള്ള ആദ്യറീച്ചിന്റെ സർവേ നടപടികളെല്ലാം മാസങ്ങൾക്ക് മുമ്പ് പൂർത്തിയായതാണ്. നിലവിലെ കുമരംപുത്തൂർ - ഒലിപ്പുഴ സംസ്ഥാനപാത മലയോര ഹൈവേയാകാൻ ആവശ്യമായ വീതിയുണ്ട്. ആദ്യം സമർപ്പിച്ച വിശദ പദ്ധതിരേഖയിൽ ചിലമാറ്റങ്ങൾ വരുത്തിയാണ് രണ്ടാമതും സമർപ്പിച്ചത്. രണ്ടുമാസം മുമ്പാണ് ഇത് സാങ്കേതിക അനുമതിക്കായി സമർപ്പിച്ചത്. ടെൻഡർ കഴിഞ്ഞ് കരാർ വെച്ചാൽ മാത്രമേ പദ്ധതി തുടങ്ങുന്നതും പൂർത്തിയാക്കുന്നതുമായ കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ.