ജനലുകളും വാതിലുകളും തകർത്തു
ചുറ്റുമതിലിന്റെ ഗേറ്റ് മോഷ്ടിക്കപ്പെട്ടു
വൈദ്യുത സാമഗ്രികൾ പൂർണമായും നശിപ്പിച്ചു
മുതലമട: പഞ്ചായത്തിലുള്ള പ്രധാന അണക്കെട്ട് ആയ ചുള്ളിയാറിലെ ഐ.ബി കെട്ടിടവും പരിസരവും സാമൂഹ്യവിരുദ്ധരുടെയും ലഹരി സംഘങ്ങളുടെയും സ്ഥിര താവളമായി മാറി. മിക്ക ദിവസങ്ങളിലും ഇവിടെ സാമൂഹിക വിരുദ്ധ ശല്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. മുതൽ അന്യസംസ്ഥാനക്കാരും പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെയുള്ളവർ ഇവിടെ എത്താറുണ്ട്. സാമൂഹ്യ വിരുദ്ധർ ലഹരി ഉപയോഗിച്ച ശേഷം ഐ.ബിയിലെ സാധനസാമഗ്രികൾ നശിപ്പിക്കാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. കെട്ടിടത്തിലെ ജനലുകളും വാതിലുകളും തകർത്ത നിലയിലാണ്. ചുറ്റുമതിലിലെ ഗേറ്റും മോഷ്ടിക്കപ്പെട്ടു. കൂടാതെ ഇലക്ട്രിക്കൽ സാമഗ്രികളും വയറിംഗും പൂർണമായി തകർത്ത നിലയിലാണ്. അതിരാവിലെ തന്നെ മദ്യവും മറ്റു ലഹരികളുമായി പലരും ഇവിടെ എത്താറുണ്ടെന്ന് സ്ഥിരമായി പ്രഭാത നടത്തത്തിനെത്തുന്ന നാട്ടുകാർ പറയുന്നു. ഇവരെ ചോദ്യംചെയ്താൽ ഭീഷണിയാണ് മറുപടി.
ഡാമിലെ സുരക്ഷ വർധിപ്പിക്കണം
ഐ.ബി കെട്ടിടത്തിന്റെ സാമഗ്രികളും പൊതുമുതലും മോഷ്ടിക്കപ്പെട്ടതായി ഡാം അധികൃതർ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത പോലീസ് അടവുമരത്തെ ഒരു ആക്രിക്കട പൂട്ടിച്ചിരുന്നു. ഡാമിലെ സുരക്ഷാ വർധിപ്പിച്ചാൽ മാത്രമേ ഇതിന് ഇത്തരം സംഭവങ്ങൾക്ക് ശാശ്വത പരിഹാരം ആവുകയുള്ളൂ എന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് രാത്രിയിലും സന്ധ്യാ സമയങ്ങളിലും പോലീസ് പെട്രോളിംഗ് കർശനമാക്കണം. ഇതിനായി ഡാം അധികൃതർ മുന്നിട്ടിറങ്ങണം.
നവീകരണത്തിന് 14 ലക്ഷം
തകർന്ന ചുറ്റുമതിലും ഐ.ബി കെട്ടിടങ്ങളുടെ നവീകരണത്തിനുമായി ഐ.ഡി.ആർ.ബി 14.2 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നേടിയിട്ടുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ഉടൻ പണി തുടങ്ങാനാകുമെന്ന് ഡാം അധികൃതർ പറഞ്ഞു.
വിദ്യാർത്ഥികളും വിനോദസഞ്ചാരികളും ചുള്ളിയാർ ഡാമിൽ സ്ഥിരമായി എത്താറുണ്ട്. അവധി ദിവസങ്ങളിലാണ് കൂടുതലായി ആളുകൾ എത്തുന്നത്. എന്നാൽ ഇതിൽ ചെറിയൊരു വിഭാഗം ലഹരി ഉപയോഗിക്കുന്നതിനായാണ് ഇവിടെ എത്തുന്നു. പ്രായപൂർത്തിയാകാത്തവരും ഇക്കൂട്ടത്തിൽ ഉണ്ടെന്നത് വളരെ ഖേദകരമാണ്. പുതുതലമുറയെ ലഹരിയിൽ നിന്നും പിന്തിരിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്.
കെ.രവി സ്രാമ്പിച്ചള്ള, യുവജനതാദൾ എസ്,
മുതലമട പഞ്ചായത്ത് കമ്മിറ്റി അംഗം.