പാലക്കാട്: ഈ മാസം 31 മുതൽ വാളയാർ ടോൾ ബൂത്തിൽ നിരക്ക് വർദ്ധിക്കും. വാളയാർ പാമ്പാംപള്ളം ടോൾ ബൂത്തിലാണു 3 ശതമാനം വരെ നിരക്ക് കൂടുന്നത്. ടോൾ നിരക്ക് വർദ്ധന കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെയും പ്രതികൂലമായി ബാധിക്കും. കൂടാതെ ടാക്സി ഡ്രൈവർമാരെയും സ്വകാര്യ ബസുകാരെയും പ്രതിസന്ധിയിലാക്കും. ടോൾ പ്ലാസയുടെ 20 കലോമീ‌റ്റർ പരിധിയിൽ താമസിക്കുന്നവരുടെ വാണിജ്യേതര വാഹനങ്ങൾക്ക് പ്രതിമാസം ഈടാക്കിയിരുന്ന തുക 330 രൂപയിൽ നിന്നു 10 രൂപ വ‌ർദ്ധിപ്പിച്ച് 340 ആക്കിയിട്ടുണ്ട്.

നിരക്കുവർദ്ധന


 കാർ, ജീപ്പ് തുടങ്ങിയ ചെറുകിട വാഹനങ്ങൾക്ക് ഒരുതവണ കടന്നുപോകുന്നതിനുള്ള തുക 75ൽ നിന്ന് 80 രൂപയാക്കി. 24 മണിക്കൂറിൽ തന്നെ മടക്കയാത്രയുണ്ടെങ്കിൽ നൽകേണ്ട തുക 115ൽ നിന്ന് 120 ആക്കി.

 സ്ഥിരം ടോൾവഴി പോകുന്ന ചെറുകിട വാഹനങ്ങൾക്ക് 50 തവണ ഒരു വശത്തേക്കു മാത്രം കടന്നുപോകാൻ ഒരു മാസത്തേക്ക് 2615 രൂപ നൽകണം. നേരത്തെ ഇത് 2550 രൂപയായിരുന്നു.  ചെറിയ വാണിജ്യ വാഹനങ്ങൾ, ചെറിയ ചരക്കുവാഹനങ്ങൾ, മിനി ബസ് എന്നിവയുടെ ഒരു യാത്രയ്ക്കുള്ള തുക 125 രൂപയായി തുടരും. അന്നേദിവസം മടക്കയാത്രയുണ്ടെങ്കിൽ 190 രൂപ നൽകണം. നേരത്തെ ഇത് 185 രൂപയായിരുന്നു. ഇത്തരം വാഹനങ്ങൾക്കു മാസത്തിൽ 50 ഒറ്റ യാത്രയ്ക്കുള്ള തുക 4120 രൂപയിൽ നിന്ന് 4225 ആയി ഉയർത്തി.

 ബസ്, ട്രക്ക് (രണ്ട് ആക്സിൽ) ഒറ്റ യാത്രയ്ക്കുള്ള നിരക്ക് 265 രൂപയാക്കി ഉയർത്തി. അതേദിവസം മടക്കയാത്രയുണ്ടെങ്കിൽ നിരക്ക് 390ൽ നിന്നു 400 രൂപയാക്കി. 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 8630 രൂപയിൽ നിന്ന് 8850 രൂപയാക്കി.

 വ്യാവസായിക ആവശ്യത്തിനുള്ള വലിയ വാഹനങ്ങൾ, മണ്ണുമാറ്റാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ എന്നിവയുടെ നിരക്കിൽ ഗണ്യമായ വർദ്ധനയുണ്ട്. ഒരു യാത്രയ്ക്കുള്ള തുക 405ൽ നിന്ന് 415 രൂപയാക്കി. മടക്കയാത്ര കൂടിയാകുമ്പോൾ 610ൽ നിന്നു 625 രൂപയാകും.

 മാസത്തിൽ 50 ഒറ്റ യാത്രയ്ക്കുള്ള തുക 13,535 രൂപയിൽ നിന്ന് 13,880 രൂപയാക്കി. ഏഴോ അതിലധികമോ ആക്സിലുള്ള വാഹനങ്ങൾക്ക് ഒരു യാത്രയ്ക്കുള്ള തുക 495 രൂപയിൽ നിന്ന് 505 ആയി ഉയർത്തി. അതേ ദിവസം മടക്കയാത്രയുണ്ടെങ്കിൽ തുക 740 രൂപയിൽ നിന്ന് 760 രൂപയാക്കി. 50 ഒറ്റ യാത്രയ്ക്കുള്ള ഒരുമാസത്തേക്കുള്ള തുക 16,480 രൂപയിൽ നിന്ന് 16,900 രൂപയാക്കി.