പാലക്കാട്: ഏപ്രിൽ മാസത്തിലേക്ക് കാലെടുത്ത് വയ്ക്കും മുൻപേ കൊടും ചൂടിൽ വെന്തുരുകി ജില്ല. 40 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ രണ്ട് ദിവസവും ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(ഐ.എം.ഡി) രേഖപ്പെടുത്തിയ ഉയർന്ന താപനില. സംസ്ഥാനത്ത് ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. 2019ന് ശേഷം ആദ്യമായാണ് പാലക്കാട് മാർച്ച് മാസത്തിൽ താപനില ഇത്രയധികം ഉയരുന്നത്. 2019 മാർച്ച് 29ന് 40.8 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. 10 വർഷത്തിനിടെ മൂന്ന് തവണ(2016, 2019, 2024) മാത്രമേ താപനില 40 ഡിഗ്രി കടന്നിട്ടുള്ളു. മാർച്ചിൽ ചൂട് ഇത്രയും കൂടിയ സാഹചര്യത്തിൽ വരും മാസങ്ങളിൽ സ്ഥിതി വഷളാകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ജില്ലയിൽ മാർച്ച് മാസം പൊതുവേ ചൂട് കൂടാറുണ്ടെങ്കിലും ഇടയ്ക്ക് ലഭിക്കുന്ന വേനൽ മഴ ആശ്വാസമായിരുന്നു. എന്നാൽ ഇത്തവണ വേനൽമഴ തീരെ കനിഞ്ഞിട്ടില്ല. താപനില ഉയരാനുള്ള പ്രധാന കാരണമിതാണ്. മാർച്ച് മാസം തുടക്കത്തിൽ 38 ഡിഗ്രി സെൽഷ്യസ് ആയിരുന്ന ഉയർന്ന താപനില ഒരാഴ്ച മുൻപാണ് 39 ആയത്. ഫെബ്രുവരി അവസാനം തന്നെ താപനില 35-38 ഡിഗ്രിയിലായിരുന്നു. ചൂട് കൂടിയതോടെ ജില്ലയിൽ ജലാശയങ്ങളിലേറെയും വറ്റി വരണ്ടു. മലമ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ, വാളയാർ, മീങ്കര, പോത്തുണ്ടി, ചുള്ളിയാർ, ശിരുവാണി തുടങ്ങിയ ജലസംഭരണികളിലെ ജല നിരപ്പ് ഗണ്യമായി കുറഞ്ഞു. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ പുറം ജോലികൾ നിരോധിച്ചിട്ടും ജില്ലയിൽ സൂര്യാഘാതമേറ്റ സംഭവങ്ങളും ഉണ്ടായി.
ഏപ്രിൽ മാസത്തിന്റെ തുടക്കവും ആശ്വാസകരമാകില്ലെന്ന സൂചനയാണ് ഐ.എം.ഡി നൽകുന്നത്. ഇനിയുള്ള മൂന്ന് ദിവസവും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ബുധനാഴ്ച മുതൽ ആകാശം മേഘാവൃതമാകുമെങ്കിലും താപനില 39 ഡിഗ്രിയിൽ തുടരും.