 
 ചൂട് പ്രതിരോധിക്കാനാകാതെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു.
 ഡാമുകളിലെ വെള്ളം ലഭിക്കാത്തത് പ്രധാന തിരിച്ചടി.
കെ.മണികണ്ഠൻ.
മുതലമട: അഞ്ച് ഡാമുകൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണെങ്കിലും കടുത്ത വേനലിൽ കുളങ്ങളിലേറെയും വറ്റി വരണ്ടതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് മുതലമടയിലെ ഉൾനാടൻ മത്സ്യകർഷകർ. സ്രാമ്പിച്ചള്ള, പത്തിച്ചിറ, പോത്തംപാടം, മേചിറ, പുതുച്ചിറ എന്നിവിടങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായത്. ആവശ്യത്തിനു വെള്ളം ലഭിക്കാത്തതിനെ തുടർന്ന് മത്സ്യങ്ങൾ പൂർണ വളർച്ചയെത്തും മുൻപ് പിടിച്ച് വിൽക്കാൻ നിർബന്ധിതരാവുകയാണ് ഇവർ. വെള്ളം വറ്റിയ കുളങ്ങളിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതും നിർബന്ധിത മത്സ്യ വില്പനയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഡെഡ് ലെവലിന് അടുത്താണ് അഞ്ച് ഡാമുകളിലെയും ജലനിരപ്പ്. കുഴൽക്കിണറുകളിലും വെള്ളം വറ്റി.
അന്ന് പ്രളയം, ഇന്ന് വരൾച്ച
സ്രാമ്പിച്ചള്ളയിൽ പാടശേഖര സമിതിയുടെ യുവ കർഷകനും സിവിൽ എൻജിനീയറും ആയ എസ്.നിധിൻ ഘോഷും എസ്.സുജീഷും ചേർന്ന് 2018 ൽ തുടങ്ങിയതാണ് ഉൾനാടൻ മത്സ്യക്കൃഷി. ആദ്യഘട്ടത്തിൽ തന്നെ പ്രളയം സാരമായി ബാധിച്ചു. പിന്നീട് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യക്കൃഷി പുനരാരംഭിച്ചു. കഴിഞ്ഞവർഷം വരൾച്ച സാരമായി ബാധിച്ചതിനെ തുടർന്ന് 2 ലക്ഷം രൂപയ്ക്ക് ബാങ്ക് വായ്പ എടുത്ത് കുളം ആഴം കൂട്ടി നവീകരിച്ചു. 5000 ത്തോളം മത്സ്യ കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു. എന്നാൽ മാർച്ച് ആദ്യം തന്നെ വെള്ളം കുറഞ്ഞതിനാൽ ചൂട് പ്രതിരോധിക്കാൻ ആവാതെ മത്സ്യങ്ങൾ ചത്തു പൊങ്ങാൻ തുടങ്ങി. കുളം പൂർണമായും വറ്റുമെന്ന ഘട്ടത്തിലാണ് എല്ലാ മത്സ്യങ്ങളെയും പിടിച്ച് വിറ്റത്. ഇതുകാരണം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.
കഴിഞ്ഞ വർഷങ്ങളിൽ മത്സ്യക്കൃഷിയിൽ നഷ്ടം മാത്രമാണുണ്ടായത്. മത്സ്യക്കൃഷി ഇൻഷ്വർ ചെയ്യാൻ പറ്റാത്തത് വൻ തിരിച്ചടിയാണ്. ബാങ്ക് ലോണെടുത്ത് സുഹൃത്തുമായി സഹകരിച്ചാണ് കൃഷി നടത്തിയത്. എന്നാൽ ഡാമിലെ വെള്ളം കിട്ടാത്തതും കടുത്ത വേനലും കാലവർഷം ചതിച്ചതും വിനയായി.
എസ്.നിതിൻ ഘോഷ്,
മത്സ്യ കർഷകൻ.
ഉൾനാടൻ മത്സ്യകർഷകർക്ക് നാശനഷ്ടം നികത്താൻ സർക്കാർ സംവിധാനങ്ങൾ ഉണ്ടാകണം. പറമ്പിക്കുളം ആളിയാർ പദ്ധതി പ്രകാരമുള്ള വെള്ളം കേരളത്തിൽ എത്തിച്ചാൽ ഡാമുകളിൽ വെള്ളക്ഷാമം നികത്താം.
എസ്.സുജീഷ് സ്രാമ്പിച്ചള്ള,
മത്സ്യ കർഷകൻ.
മുതലമട പഞ്ചായത്തിൽ 83 മത്സ്യ കർഷകരാണുള്ളത്. നാലു പദ്ധതികളിൽ ആയി 3.22 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ കർഷകർക്ക് വിതരണം ചെയ്തിട്ടുണ്ട്. ഡാമുകളിലെ വെള്ളത്തിന്റെ കുറവ് ഇവരെ സാരമായി ബാധിച്ചിട്ടുണ്ട്.
ഷിഫാന, പ്രേജക്ട് കോഡിനേറ്റർ, ഫിഷറീസ്