ഷൊർണൂർ നിലമ്പൂർ പാതയിലെ പരീക്ഷണ ഓട്ടം വിജയകരം
ഷൊർണൂർ: റെയിൽപാതകളുടെ സമ്പൂർണ വൈദ്യുതീകരണം പൂർത്തിയാക്കി പാലക്കാട് റെയിൽവേ ഡിവിഷൻ. ഡിവിഷന് കീഴിൽ വൈദ്യുതീകരിക്കാതെ ശേഷിച്ചിരുന്ന ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണം പൂർത്തിയാക്കിയതോടെയാണിത്. വൈദ്യുതീകരിച്ച ഷൊർണൂർ ജംഗ്‌ഷൻ മുതൽ നിലമ്പൂർ റോഡ് വരെ 65.12 കിലോമീറ്റർ ബ്രോഡ്‌ഗേജ് സിംഗിൾ ലൈനിൽ ഇന്നലെ ഇലക്ട്രിക് ടെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി നടത്തി. ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ എ.കെ.സിദ്ധാർത്ഥ, റെയിൽവേ ഇലക്ട്രിഫിക്കേഷൻ ചീഫ് പ്രോജക്ട് ഡയറക്ടർ സമീർ ദിഗെ, അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എസ്.ജയകൃഷ്ണൻ, സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയർ സന്ദീപ് ജോസഫ് എന്നിവർ പരീക്ഷണ ഓട്ടവും വൈദ്യുതീകരണ പ്രവൃത്തികളും പരിശോധിച്ചു.
എഴുപത് കോടിയോളം ചെലവ് വരുന്നതാണ് വൈദ്യുതീകരണ പദ്ധതി. സംസ്ഥാനത്തിനാകെ ഇത് ഗുണം ചെയ്യും. പദ്ധതിയ്ക്കായി മേലാറ്റൂരിൽ പുതിയ ട്രാക്‌ഷൻ സബ്‌സ്റ്റേഷനും സ്ഥാപിച്ചു.ഇലക്ട്രിക് ട്രെയിനുകൾക്ക് ഡീസൽ വണ്ടികളെ അപേക്ഷിച്ച് പാരിസ്ഥിതിക ദോഷം വളരെ കുറവായിരിക്കും. പാതയിൽ പുതിയ ട്രെയിനുകളും മെമു റേക്കുകളും കൂടുതൽ അനുവദിക്കുന്നതിനും ഇത് വഴിയൊരുക്കും, കൂടാതെ നിലമ്പൂർ സെക്‌ഷനിലേക്കുള്ള വിവിധ ട്രെയിനുകൾക്ക് ഷൊർണൂരിലെ എൻജിൻ മാറ്റത്തിന് എടുക്കുന്ന സമയവും കുറയ്ക്കും.