election

പറമ്പിക്കുളം: ഇത്തവണയും പൂപ്പാറ കോളനിയിൽ പോളിംഗ് ബൂത്ത് അനുവദിച്ചില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രത്യേക പോളിംഗ് ബൂത്ത് പൂപ്പാറ കോളനിയിൽ അനുവദിച്ചെങ്കിലും തുടർന്നുവന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അതുണ്ടായില്ല. ഇതുകാരണമാണ് ലോക്സഭ തിരഞ്ഞെടുപ്പിലും ബൂത്ത് അനുവദിക്കാത്തതെന്ന് ചിറ്റൂർ താലൂക്ക് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസിൽദാർ പറഞ്ഞു.
മുതുവാൻ വിഭാഗത്തിലെ ആദിവാസികൾ താമസിക്കുന്ന പൂപ്പാറ കോളനിയിലേക്ക് പറമ്പിക്കുളം ജംഗ്ഷനിൽ നിന്നും 14 കിലോമീറ്റർ വനപാതയിലൂടെ കടക്കണം. ഇതിനായി കാട്ടിലൂടെ മൂന്ന് മണിക്കൂറോളം നടക്കുകയോ ഒരു മണിക്കൂറോളം പോണ്ടിയെന്ന് വിളിക്കുന്ന മുളകൊണ്ട് നിർമ്മിച്ച ചങ്ങാടത്തിൽ തുഴഞ്ഞെത്തുകയോ വേണം. അതുകൊണ്ട് തന്നെ പ്രായമായവരും അസുഖങ്ങളുള്ളവരും വോട്ട് ചെയ്യാൻ പറമ്പിക്കുളത്തെ ബൂത്തിൽ മിക്കവാറും എത്താറില്ല. പൂപ്പാറ കോളനിയിൽ പോളിംഗ് ബൂത്ത് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും അധികൃതർ പരിഹരിക്കാത്തത് വൃദ്ധർക്ക് തിരിച്ചടിയായി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്ത് അനുവദിച്ചതിനെ തുടർന്ന് 127 വോട്ടർമാരിൽ 108 പേർ വോട്ട് ചെയ്തിരുന്നു.