plastics

പാലക്കാട്: കടുത്തവേനൽ ചൂടിനെ അവഗണിച്ച് ദേശീയ ഹരിതസേന പാലക്കാട് വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ സുന്ദരകാനനം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിച്ചു. മലമ്പുഴ കവയിൽ കേരള വനം വകുപ്പുമായി സഹകരിച്ച് വന്യജീവികൾ വെള്ളംതേടി വരുന്ന വഴികൾ പ്ലാസ്റ്റിക് മുക്തമാക്കുന്ന യജ്ഞമാണിത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളിലും ദേശീയ ഹരിതസേന പ്രവർത്തകർ പങ്കാളികളായി.

വിദ്യാഭ്യാസ ജില്ലദേശീയ ഹരിതസേനകോർഡിനേറ്റർ കെ.എ.അജേഷ് അദ്ധ്യക്ഷനായി. ജില്ലാകോർഡിനേറ്റർ എസ്.ഗുരുവായൂരപ്പൻ പദ്ധതി വിശദീകരിച്ചു. ദേശീയ ഹരിതസേന തയ്യാറാക്കിയ 'സുന്ദര കാനനം' എന്ന മനുഷ്യ വന്യ ജീവി സംഘർഷം കുറക്കുന്നതിനുതകുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയ നോട്ടീസ്, പോസ്റ്റർ എന്നിവ വനം വകുപ്പ് ബീറ്റ്‌ഫോറസ്റ്റ് ഓഫീസർമാരായമാരായ പി.ജി.ആനന്ദ്, എച്ച്.സി.ജിജു എന്നിവർ ചേർന്ന് ജവഹർ നവോദയ വിദ്യാലയ ശാസ്ത്ര അദ്ധ്യാപികയായ പി.സരിതയ്ക്ക് നൽകി പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഓൺലൈനിൽ നടത്തിയ ജില്ലാ തല പരിസ്ഥിതി ക്വിസ്‌പോസ്റ്റർ രചന മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ്, മൊമെന്റോ, ബാഗ്, ബനിയൻ എന്നിവയുടെ വിതരണം വനംവകുപ്പ് ഉദ്യോഗസ്ഥർ നിർവഹിച്ചു.

വിനോദ സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും, വഴിയോര കച്ചവടക്കാർക്കും നോട്ടീസ്, പോസ്റ്റർ വിതരണം, വന്യ ജീവി സംരക്ഷണത്തിലൂന്നി വിദ്യാർത്ഥികൾ മത്സരത്തിൽ വരച്ചപോസ്റ്ററുകളുടെ പ്രദർശനം , എന്നിവബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ വൈകുന്നേരം ഹരിതസേനാംഗങ്ങൾക്ക് സ്‌നേക്ക് പാർക്ക്, മലമ്പുഴ ഉദ്യാനം, എന്നിവ കാണാനുള്ള അവസരവും ഒരുക്കിയിരുന്നു.

32 ചാക്കുകളിൽ വിവിധ മാലിന്യങ്ങൾ ശേഖരിച്ചു

80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ 32 ചാക്കുകളിലായി വിവിധ മാലിന്യങ്ങൾ ഈ പ്രദേശത്തു നിന്നും ശേഖരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. അജൈവ മാലിന്യങ്ങൾ പ്രത്യേകം ചാക്കുകളിൽ ശേഖരിച്ചിരുന്നു. ഒരു ടണ്ണിലധികം മാലിന്യങ്ങളാണ് ഒരു ചെറിയ പ്രദേശത്തു നിന്നും ശേഖരിച്ചത്.

പ്ലാസ്റ്റിക്ക്‌ ബോട്ടിലുകൾ, മദ്യക്കുപ്പികൾ, ശീതള പാനീയ കുപ്പികൾ, പ്ലാസ്റ്റിക്ക് കവറുകൾ, പേപ്പർ പ്ലയിറ്റികൾ, ലെയ്സ് പാക്കറ്റുകൾ, ചോക്കലേറ്റ് കവറുകൾ എന്നിവ ശേഖരിച്ചവയിൽ ഉൾപ്പെടുന്നു. പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.