konni

കോന്നി : സ്വകാര്യമേഖലയിൽ പ്രബലമായ രണ്ടു മെഡിക്കൽ കോളേജുകളുള്ള മലയോര ജില്ലയിൽ സാധാരണക്കാരന് ആശ്വാസമായാണ് കോന്നിയിൽ ഒരു സർക്കാർ മെഡിക്കൽ കോളേജ് എന്ന ആശയം പിറവിയെടുത്തത്. 2012ൽ അന്നത്തെ ആരോഗ്യമന്ത്രിയും കോന്നി എം.എൽ.എയുമായിരുന്ന അടൂർ പ്രകാശ് അരുവാപ്പുലം പഞ്ചായത്തിലെ നെടുമ്പാറയിൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക് ശിലയിട്ടു. തുടർന്ന് എം.എൽ.എയായ കെ.യു.ജനീഷ് കുമാർ പദ്ധതിയുമായി മുന്നോട്ടുപോയി, മുഖ്യമന്ത്രി പിണറായി വിജയൻ മെഡിക്കൽ കോളേജ് നാടിന് സമർപ്പിക്കുകയും ചെയ്തു. ഇരുമുന്നണികളും രാഷ്ട്രീയ അവകാശവാദങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും മെഡിക്കൽ കോളേജ് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. മെഡിക്കൽ വിദ്യാഭ്യാസത്തിന് തുടക്കമിട്ട കോന്നിയിൽ വിദഗ്ദ്ധ ചികിത്സകൾ കൂടി ലഭ്യമാക്കേണ്ടതുണ്ട്.

300 കിടക്കകളുള്ള ആശുപത്രി

130 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ചു. 352കോടിയുടെ പദ്ധതികൾ പുരോഗമിക്കുന്നു. മുന്നൂറ് കിടക്കകളോടുകൂടിയ ആശുപത്രി കെട്ടിടവും അക്കാദമിക്ക് ബ്‌ളോക്കും പ്രവർത്തന സജ്ജമാണ്. കാഷ്വാലിറ്റിയിലും വാർഡുകളിലും ഓക്സിജൻ സൗകര്യങ്ങളോടുകൂടിയ കിടക്കകളാണുള്ളത്. ഓക്സിജൻ പ്ളാന്റ് സ്ഥാപിച്ചിട്ടുണ്ട്. പീഡിയാട്രിക് ഐ.സി.യുവും മൈനർ ഓപ്പറേഷൻ തീയേറ്ററുകളും പ്രവർത്തന സജ്ജമായി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബും ഫാർമസിയും സജ്ജീകരിച്ചിട്ടുണ്ട്. സി.ടി സ്കാനും അൾട്രാ സൗണ്ട് സ്കാനറുമുണ്ട്.

50 ഏക്കറിൽ

നെടുമ്പാറയിൽ റവന്യൂ വകുപ്പിൽ നിന്ന് ലഭ്യമായ 50 ഏക്കർ ഭൂമിയിലാണ് കോന്നി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം.

200 എം.ബി.ബി.എസ് വിദ്യാർത്ഥികൾ

രണ്ട് ബാച്ചുകളിലായി 200 എം.ബി.ബി.എസ് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. എം.എൽ.എ ഫണ്ടിൽ നിന്ന് കോളേജ് ബസ് ലഭ്യമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലുകളും കാന്റീനുമുണ്ട്.

വിദഗ്ദ്ധ ചികിത്സ അകലെ

മെഡിക്കൽ കോളേജ് ആശുപത്രിക്ക് വേണ്ട കെട്ടിട സൗകര്യങ്ങൾ കോന്നിയിൽ ഒരുക്കിയിട്ടും വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പായുകയാണ്. കോന്നിയിൽ വിദഗ്ദ്ധ ചികിത്സ നൽകാൻ കഴിയാത്തത് ആരോഗ്യവകുപ്പിന്റെ ദൗർബല്യമാണ്.

കുറവുകൾ

1. മെഡിക്കൽ കോളേജ് ആശുപത്രിക്കായി അഞ്ച് ബ്ളോക്കുകൾ, പൂർത്തിയായത് നാലെണ്ണം

2. മേജർ ഒാപ്പറേഷൻ തീയേറ്ററുകളും എെ.സി.യുകളും പ്രവർത്തനസജ്ജമായില്ല.

3. ബ്ളഡ് ബാങ്ക് പണി പൂർത്തീകരിച്ചെങ്കിലും ലൈസൻസ് ലഭ്യമായില്ല.

4. പോസ്റ്റ്മോർട്ടം സൗകര്യങ്ങളും മോർച്ചറിയുമില്ല.

5. ജനറൽ മെഡിസിൻ സംവിധാനങ്ങളുടെ കുറവ്.

6. യാത്രാ സൗകര്യങ്ങളുടെ കുറവ്.

7. സ്വന്തമായി ആംബുലൻസുകളില്ല.

'' ദേശീയ മെഡിക്കൽ കമ്മിഷൻ കെട്ടിടങ്ങളുടെ നിലവാരം പരിശോധിക്കേണ്ടതുണ്ട്. അവർ നിഷ്കർഷിക്കുന്ന മാനദണ്ഡം അനുസരിച്ച് ചികിത്സാസംവിധാനങ്ങൾ ഒരുക്കുന്ന നടപടികളാണ് ബാക്കിയുള്ളത്.

സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ

ഗതാഗത സൗകര്യങ്ങളുടെ കുറവ്

മെഡിക്കൽ കോളേജിലേക്കുള്ള മുരിങ്ങമംഗലം - വട്ടമൺ - പയ്യനാമൺ 4.6 കിലോമീ​റ്റർ റോഡ് നവീകരണം അനിവാര്യമാണ്. ഇതിനുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികൾ പുരോഗമിക്കുന്നു. മെഡിക്കൽ കോളേജിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ നേരത്തെ നാലുവരി പാത നിർമ്മിച്ചിട്ടുണ്ട്.