 
മല്ലപ്പളളി : സൗകര്യങ്ങൾ കുറവാണ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ. ചികിത്സാ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കെട്ടിടം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയെങ്കിലും തുടർനടപടി ഉണ്ടായില്ല. കിഫ്ബിയിലൂടെ ആശുപത്രിയുടെ അടിസ്ഥാനവികസനത്തിന് 46 കോടി 93ലക്ഷം രൂപയാണ് അനുവദിച്ചത്. 131 കിടക്കകളോടു കൂടിയ ആറുനില കെട്ടിടം നിർമ്മിക്കാനായിരുന്നു പദ്ധതി. ഇതിനായി പഴയ ഏഴ് കെട്ടിടങ്ങൾ പൊളിച്ചുനീക്കി. 2019 മേയ് 28നാണ് കെട്ടിടനിർമ്മാണത്തിന് സർക്കാർ അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ മണ്ണ് പരിശോധനയും സാങ്കേതികസമിതി പരിഗണിച്ച രൂപരേഖയ്ക്ക് തിരുത്തലുകളും നടത്തിയിരുന്നു. ഹരിതചട്ടങ്ങൾ പാലിക്കുന്നതിനായി എസ്റ്റിമേറ്റ് നവീകരിച്ച് പുതിയ നിരക്കുകൾ ഉൾപ്പെടുത്തി.നിർമ്മാണം 2021നവംബറിൽ തുടങ്ങുന്നതിന് ഉന്നത സമിതി യോഗം തീരുമാനിച്ചു. പഴയ ഏഴ് കെട്ടിടങ്ങൾ 2022 ഫെബ്രുവരിയിൽ പൊളിച്ചു നീക്കി. പുതിയ കെട്ടിടങ്ങൾക്കായി സ്ഥലംഒരുക്കി. പക്ഷേ ഇതുവരെ കെട്ടിടം പണി തുടങ്ങിയില്ല.
കെട്ടിടം പൂർത്തീകരിച്ചിരുന്നെങ്കിൽ ആശുപത്രിയിലെ അസൗകര്യങ്ങൾക്ക് പരിഹാരമായേനെ.
ഇല്ലായ്മകളേറെ
മല്ലപ്പള്ളി താലൂക്ക് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന ആശുപത്രിയാണിത്. പക്ഷേ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാനുള്ള സംവിധാനങ്ങളില്ല,. താലൂക്ക് ആശുപത്രി എന്നത് പേരിലേയുള്ളു. ശസ്ത്രക്രിയാ മുറി , ലേബർ റൂം , ഡയാലിസിസ് യൂണിറ്റ്, മോർച്ചറി , എക്സറെ വിഭാഗം എന്നിവയില്ല. എങ്കിലും നിലവിലുള്ള ജീവനക്കാരുടെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെയാണ് ആശുപത്രി മുന്നോട്ടുപോകുന്നത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1വരെയാണ് ഓ.പി വിഭാഗത്തിന്റെ പ്രവർത്തനം. 4 മുതൽ 8 വരെ ഡോക്ടർമാരുടെ സേവനം ഈ സമയം ലഭ്യമാണ്. ഉച്ചയ്ക്ക് 1 മുതൽ 7 വരെയുള്ള എമർജൻസി സമയത്തും, രാത്രിയിലും ഒന്നോ അധികമോ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. ഇ.എൻ.ടി ,ദന്തൽ, കൗമാര ക്ലിനിക്ക്, ഫിസിയോതെറാപ്പി ഡോക്ടർമാർ ഉണ്ടെങ്കിലുംനേത്ര ചികിത്സാ ഡോക്ടറില്ല.
വരുമോ പുതിയ കെട്ടിടം ?
7781ചതുരശ്ര മീറ്റർചുറ്റളവിൽ 6 നിലകളിലുള്ള കെട്ടിടം നിർമ്മിക്കാനായിരുന്നു പദ്ധതി. പക്ഷേ പണി തുടങ്ങിയില്ല
----------------
പുതിയ കെട്ടിടത്തിൽ : 131കിടക്കകൾ, അത്യാഹിത വിഭാഗം, ശസ്ത്രക്രിയ ഹാൾ, ഒ.പിവിഭാഗം, ഡോക്ടർമാർക്കുള പരിശോധനാ മുറികൾ, ഡയാലിസിസ് യൂണിറ്റ വിവിധവാർഡുകൾ, തീവ്രപരിചരണ വിഭാഗം, പ്രസവമുറി, രക്തബാങ്ക്, ലാബുകൾ, രോഗികളുടെ സഹായികൾക്ക് വിശ്രമകേന്ദ്രം. അഗ്നിസുരക്ഷാ സംവിധാനങ്ങൾ, മാലിന്യ സംസ്കരണകേന്ദ്രം, ജലവിതരണം, സൗരോർജ പ്ലാന്റുകൾ, ഇൻസിനറേറ്റർ,ബയോഗ്യാസ് പ്ലാന്റ്, ശസ്ത്രക്രിയാമുറി
16 ഡോക്ടർമാർ.
അടിസ്ഥാനവികസനത്തിന് അനുവദിച്ചത് 46. 93 കോടി