 
മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിലെ മാരംങ്കുളം - നിർന്മലപുരം - നാഗപ്പാറ പി.എം.ജി.എസ്.വൈ റോഡിന്റെ ഇരുവശങ്ങളിലും നാഗപ്പാറ വനമേഖലയിലും ചാക്കിൽ കെട്ടി മാലിന്യം തള്ളുന്നതായി നാട്ടുകാരുടെ പരാതി. രാത്രികാലങ്ങളിൽ മത്സ്യ, മാംസങ്ങളുടെ അവശിഷ്ടങ്ങൾ വീടുകളിൽ നിന്ന് ഭക്ഷണയോഗ്യമല്ലാത്ത പദാർത്ഥങ്ങളും , മദ്യകുപ്പികൾ അടക്കമുള്ള മാലിന്യങ്ങളും റോഡിന്റെ സൈഡിൽ വലിച്ചെറിയുന്നുണ്ട്. അടുത്തടുത്ത് വീടുകൾ ഇല്ലാത്തതും, തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമല്ലാത്തതും സാമൂഹ്യ വിരുദ്ധർക്ക് ഏറെ സഹായകമാകുന്നു. സമീപ പ്രദേശങ്ങളിൽ നിന്നും കക്കൂസ് മാലിന്യങ്ങൾ അടക്കമുള്ളവ ഇവിടെ നിക്ഷേപിക്കുന്നതായും ആക്ഷേപമുണ്ട്. വനമേഖലയ്ക്ക് സമീപമായതിനാൽ കാട്ടുപന്നികൾ, കുരങ്ങ്, മയിൽ, മലയണ്ണാൻ, കേഴമാൻ , പെരുമ്പാമ്പ്, മറ്റു വന്യജീവികൾ ഈ മാലിന്യങ്ങൾ ഭക്ഷിക്കുന്നതിനായി എത്താറുണ്ട്. ഇവ റോഡിലും പരിസര പ്രദേശങ്ങളിലും ചിന്നി ചിതറിക്കുന്നതിനാൽ റോഡിൽ കൂടി മുക്കു പൊത്തി നടക്കേണ്ട സ്ഥിതിയിലാണ്. മദ്യപസംഘം എറിഞ്ഞുടക്കുന്നകുപ്പിച്ചില്ലുകൾ പലപ്പോഴും കാൽനടക്കാർക്കും , വാഹന യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അടിയന്തരമായി ഈ പ്രദേശത്തെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാനും , സി.സി.ടി. വി ക്യാമറകൾ സ്ഥാപിക്കാനും , പൊലീസ്, എക്സൈയ്സ് പെട്രോളിംഗ് നടത്തുന്നതിനും പഞ്ചായത്തും വിവിധ ഭരണ സംവിധാനങ്ങളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർന്മലപുരം - മാരംങ്കുളം നിവാസികൾ ആവശ്യപ്പെട്ടു.