പ്രമാടം : മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തകർന്ന് തരിപ്പണമായ മറൂർ തകിടിയത്ത്മുക്ക് - മങ്ങാട്ടുപടി - പനിയ്ക്കക്കുഴിപടി റോഡ് റീ ടാർ ചെയ്തു. വർഷങ്ങളായി തകർന്ന് കിടന്ന റോഡ് ജലനിധി പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വെട്ടിപ്പൊളിക്കുകകൂടി ചെയ്തതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. മാസങ്ങളായി പ്രദേശവാസികൾ അനുഭവിക്കുന്ന യാത്രാ ക്ളേശങ്ങൾ ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് അടിയന്തരമായി റോഡ് റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിച്ചത്. പ്രമാടം പഞ്ചായത്തിലെ ഒന്നാം വാർഡിലെ മറൂരിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. റോഡ് വർഷങ്ങളായി തകർച്ച നേരിടുന്നുണ്ടെങ്കിലും ഗ്രാമ- ബ്ളോക്ക് പഞ്ചായത്തുകളുടെ അവകാശ തർക്കവും ജനപ്രതിനിധികളുടെ അഭിപ്രായ വ്യത്യാസങ്ങളും കാരണം അറ്റകുറ്റപ്പണികൾ അനന്തമായി നീളുകയായിരുന്നു. ഇതിനിടെയാണ് ജലനിധി പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചത്. പൈപ്പിടലിന് തടസമായി നിന്ന പാറകൾ നീക്കം ചെയ്യുന്നതിന് വേണ്ടി യന്ത്ര സഹായതോടെ റോഡിന്റെ വിവിധ ഭാഗങ്ങൾ വെട്ടിപ്പൊളിച്ച് ടാറിംഗ് ഇളക്കിമാറ്റുക കൂടി ചെയ്തതോടെ ഈ റോഡ് തോടിനേക്കാൾ കഷ്ടമായി. അപകടങ്ങളും പതിവായതോടെ യാത്രക്കാർ ഈ റോഡ് ഉപേക്ഷിച്ച നിലയിലായിരുന്നു.
പത്തനംതിട്ടയിലേക്കുള്ള ബൈറോഡ്
തിരക്കേറിയ പൂങ്കാവ്- പ്രമാടം റോഡിൽ ഗതാഗത തടസം ഉണ്ടായാൽ പത്തനംതിട്ടയിലേക്ക് ഉൾപ്പെടെ പോകാൻ യാത്രക്കാർ ഉപയോഗിക്കുന്ന ബൈ റോഡുകൂടിയാണിത്. പൈപ്പിടൽ പൂർത്തിയാകുന്നതിന് പിന്നാലെ റോഡ് ഗതാഗത യോഗ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ മാസങ്ങളായിട്ടും റോഡ് ഉറപ്പിച്ചുനൽകാൻ പോലും ബന്ധപ്പെട്ടവർ തയാറായില്ല. കേരള കൗമുദി വാർത്തയെ തുടർന്ന് ഒരു മാസം മുമ്പ് വെട്ടിപ്പൊളിച്ച ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ ടാറിംഗ് ഇളകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ട റോഡിൽ സുരക്ഷിത യാത്ര സാദ്ധ്യമായിരുന്നില്ല. ഇതേ തുടർന്നാണ് റോഡ് ഇപ്പോൾ പൂർണ്ണമായും ടാറിംഗ് നടത്തിയിരിക്കുന്നത്.