റാന്നി : നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി -പെരുന്തേനരുവി മേഖലയിൽ ഇന്നലെയും പട്ടാപ്പകൽ കാട്ടാന ഇറങ്ങി. കഴിഞ്ഞ ദിവസം ആനകൾ കൂട്ടമായാണ് എത്തിയതെങ്കിൽ ഇന്നലെ ഒറ്റയാനായിരുന്നു ഇറങ്ങിയത്. പെരുന്തേനരുവി പവർ ഹൗസിന് സമീപം പമ്പാനദിയിൽ നിലയുറപ്പിച്ച കാട്ടാന വൈകിട്ട് 5 ന് ശേഷമാണ് മടങ്ങിയത്. ആനയെ നിരീക്ഷിക്കാനായി കരികുളം വനം കുപ്പ് ഓഫിസിലെ ഉദ്യോഗസ്ഥരും വനംവകുപ്പ് വാച്ചർമാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ രാത്രിയിൽ പെരുന്തേനരുവി ഡാമിനോട് ചേർന്ന് പതാക്ക് റോയിയുടെ പുരയിടത്തിലെ വാഴയും കമുകും ഉൾപ്പടെയള്ള കാർഷിക വിളകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. ഇതിനു ശേഷം മാടപ്പള്ളിൽ ബിജുവിന്റെ വീടിനോട് ചേർന്നുള്ള തെങ്ങ് നശിപ്പിച്ചു. ആനകളെ തുരത്താനായി വനം വകുപ്പ് മൃഗങ്ങളുടെയും തേനീച്ചയുടെയും ശബ്ദങ്ങൾ ഉണ്ടാക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു ഇതോടെയാണ് ആനകൾ അൽപ്പമെങ്കിലും കാടുകളിലേക്ക് മടങ്ങിയത്. ജനവാസ മേഖലകളിലേക്ക് ആനകൾ പതിവായി ഇറങ്ങുന്നതോടെ ജനങ്ങളും പരിഭ്രാന്തരാണ്. കഴിഞ്ഞ രാത്രിയിൽ തന്നെ കൊച്ചുകുളം ഭാഗത്ത് സൗരോർജ വേലി കാട്ടാനകൾ നശിപ്പിച്ചിരുന്നു. വന്യജീവികളുടെ ആക്രമണം പ്രദേശത്ത് ഏറിവരികയാണ്. രാത്രിയിൽ വീടുകളുടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും. കൃഷി വകകൾക്കും മനുഷ്യ ജീവനും യാതൊരു സുരക്ഷയും ഇല്ലെന്നും കുടമുരുട്,ടി കൊച്ചുകുളം, പെരുന്തേനരുവി മേഖലയിലുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. വന്യജീവികളെ ജനവാസ മേഖലയിൽ നിന്ന് തുരത്താൻ സർക്കാരും വനം വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.