road
കാവുംഭാഗം - ചാത്തങ്കരി റോഡ്

തിരുവല്ല: തകർന്ന് തരിപ്പണമായി കിടക്കുന്ന കാവുംഭാഗം - പെരിങ്ങര - ചാത്തങ്കരി - മണക്ക് ആശുപത്രി റോഡ് ഉന്നതനിലവാരത്തിൽ നവീകരിക്കാൻ വഴിയൊരുങ്ങി. റോഡ് പുനർനിർമ്മാണത്തിന് 8.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. വേനൽക്കാലത്ത് പൊടിശല്യവും മഴക്കാലത്ത് വെള്ളക്കെട്ടും പൈപ്പ് പൊട്ടലും പതിവായ റോഡിലൂടെ പോകുന്ന യാത്രക്കാരും നാട്ടുകാരും ദുരിതം സഹിച്ച് കഴിയുകയായിരുന്നു. അടുത്തകാലത്ത് ജലജീവൻ പദ്ധതിയുടെ ഭാഗമായി കുഴിയെടുത്തതും റോഡിലെ യാത്ര ദുരിതപൂർണമാക്കി. നിയോജകമണ്ഡലത്തിലെ തിരുവല്ല നഗരസഭ, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. കാവുഭാഗം - ഇടിഞ്ഞില്ലം റോഡിൽ കാവുംഭാഗത്ത് നിന്ന് ആരംഭിച്ച് പെരിങ്ങര കളത്തട്ട് ജംഗ്ഷൻ, ചാത്തങ്കരി പാലം വഴി മണക്ക് ആശുപത്രിക്ക് സമീപം അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയിൽ എത്തിച്ചേരാം. 5.8 കി.മി നീളമുള്ള റോഡ് 5.50 മീറ്റർ വീതിയിൽ ജി.എസ്.ബി, ഡബ്ല്യു എം.എം മുതലായവ ഉപയോഗിച്ച് ഉയർത്തി ആധുനിക നിലവാരത്തിൽ ബി.എം ആന്റ് ബി.സി ചെയ്യുന്നതിനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. കൂടാതെ കലുങ്കുകളുടെ നിർമ്മാണം, സംരക്ഷണഭിത്തിയുടെ നിർമ്മാണം, റോഡ് സുരക്ഷാ പ്രവൃത്തികൾ എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയ്ക്ക് ഗതാഗതപ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴും ബൈപ്പാസായി സഞ്ചരിക്കാനും ഈ റോഡ് ഉപയോഗപ്പെടുത്താം.