തിരുവല്ല : അദ്ധ്യാപികയായ സഹോദരിയെ പ്രണയ വിവാഹം ചെയ്‌ത സുഹൃത്തിനെ കൊലപ്പെടുത്തയെന്ന കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. പത്തനംതിട്ട അഡിഷണൽ ജില്ലാ കോടതി ജഡ്ജി ഡോ.പി.കെ. ജയകൃഷ്ണന്റേതാണ് വിധി . നെടുമ്പ്രം പടാരത്തിൽപ്പടി തോപ്പിൽ കിഴക്കേതിൽ സുധീറിനെ കൊലപ്പെടുത്തിയ കേസിൽ കുട്ടനാട് വെളിയനാട് കിടങ്ങറ പെരുമത്തുശേരിൽ വീട്ടിൽ സുധീഷ് കുമാറിനെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടത്. 2015 മാർച്ച് 14ന് പുലർച്ചെയാണ് സുധീർ കൊല്ലപ്പെട്ടത്. വിദ്യാഭ്യാസക്കുറവും കുടുംബത്തിന് യോജിക്കാത്ത കുടുംബ പശ്ചാത്തലവുമുള്ള സുഹൃത്ത് തന്റെ സഹോദരിയെ വിവാഹം കഴിച്ചതിലുള്ള ദുരഭിമാനം മൂലമാണ് കൊലപാതകമെന്നാണ് കേസ്. തിരുവല്ല പൊലീസ് ഇൻസ്പെക്ടർ ടി. മനോജാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കായി അഭിഭാഷകരായ ബി. ശിവദാസ്, എസ്. പ്രസീദ്, ജിതിൻ ജി. ദാസ് എന്നിവർ ഹാജരായി.