പത്തനംതിട്ട: പമ്പയിൽ രണ്ടുമാസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻവശത്തെ ഇക്കോ ഷോപ്പിന് പിന്നിൽ പമ്പാ നദിതീരത്തിന് സമീപമാണ് മൃതദേഹം കിടന്നത്. 40നും 50നുമിടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ്. ഇടതുകൈ നഷ്ടപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങൾ ആക്രമിച്ചതാണോ എന്ന സംശയമുണ്ട്. പമ്പാ സി.ഐ അനിൽ ജെ. റോസ്, എസ്.ഐ രാജൻ .ജെ എന്നിവരുടെ നേതൃത്വത്തിൽ ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി. നീലനിറത്തിലുള്ള ലുങ്കിയാണ് ഉടുത്തിരിക്കുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പമ്പയിൽ നിന്ന് കഴിഞ്ഞ തീർത്ഥാടനകാലത്ത് ഒൻപതുപേരെയാണ് കാണാതായത്. ഇവരിലാരെങ്കിലുമാണോ എന്നത് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.