hospital-
കോന്നി താലൂക്ക് ആശുപത്രി

കോന്നി : മലയോരമേഖലയുടെ ആശ്രയവും ആശ്വാസവുമായ കോന്നി താലൂക്ക് ആശുപത്രി സ്ഥലപരിമിതികളിൽ വീർപ്പുമുട്ടുന്നു. പ്രാഥമികാരോഗ്യ കേന്ദ്രമായി തുടങ്ങി കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം എന്നീ നിലകളിൽ വളർന്ന് താലൂക്ക് ആശുപത്രിയായി ഉയർന്ന ആരോഗ്യകേന്ദ്രമാണിത്. അത്യാഹിത വിഭാഗം, ഒ.പി, ഐ.പി, ഡെന്റൽ , ഓർത്തോ, സ്കിൻ, ഫിസിഷ്യൻ, പീഡിയാട്രിക്ക് , ഇ.എൻ.ടി എന്നീവിഭാഗങ്ങളും ലാബ്, എക്സ്റേ സൗകര്യങ്ങളും താലൂക്ക് ആശുപത്രിയുടെ ഭാഗമായുണ്ട്. മതിയായ സ്ഥലസൗകര്യമില്ലാതെ ഇടുങ്ങിയ ചുറ്റുപ്പാടിലാണ് ഇവയുടെ പ്രവർത്തനം. ജീവിതശൈലി, അസ്ഥിരോഗ വിഭാഗങ്ങളിലാണ് തിരക്ക് കൂടുതൽ. തിരക്ക് നിയന്ത്രിക്കാനോ രോഗികൾക്ക് കാത്തിരിക്കാനോ സൗകര്യമില്ല. ഫാർമസിയിൽ രണ്ടുകൗണ്ടർ മാത്രമാണുള്ളത്. കോന്നി, തണ്ണിത്തോട്, കലഞ്ഞൂർ, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം, അരുവാപ്പുലം പഞ്ചായത്തുകളിലെ ജനങ്ങളാണ് പ്രധാനമായും ഇവിടെ ചികിത്സതേടിയെത്തുന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്തിനാണ് ആശുപത്രിയുടെ ചുമതല.

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലപരിമിതിയും പ്രശ്നമാണ്.

7.5 കോടി ചെലവിൽ വികസനപദ്ധതി

താലൂക്ക് ആശുപത്രിയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആറ് നിലകളുള്ള കെട്ടിടത്തിന്റെ പണികൾ നടക്കുകയാണ്. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 7.5 കോടി രൂപയാണ് രണ്ടാംഘട്ട വികസനത്തിന് അനുവദിച്ചത്.

ഒ.പി സമയം രാവിലെ 8 മുതൽ 1 വരെ

ലാബ്, എക്സറേ, ഇ.സി.ജി സൗകര്യങ്ങൾ 24 മണിക്കൂറും.

സ്കാനിംഗ്, ഡയാലിസിസ് സൗകര്യമില്ല.

ജീവനക്കാരുടെ എണ്ണം : 147

സ്ഥിരം ജീവനക്കാർ : 105, താത്കാലിക ജീവനക്കാർ : 42

ഡോക്ടർമാർ : 28,

കിടത്തിച്ചികിത്സാവിഭാഗത്തിൽ : 30 കിടക്കകൾ.