
റാന്നി : കുടമുരുട്ടി, പെരുന്തേനരുവി മേഖലകളിൽ ശല്യമായ കാട്ടാനകൾക്ക് പിന്നാലെ ഭീതി പരത്തി കടുവയും. പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി പകൽപ്പോലും കാട്ടാനയുടെ സാന്നിദ്ധ്യമുണ്ട്. ഇവ രാത്രിയിൽ വ്യാപകമായ കൃഷിയും നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പകൽ വനത്തിൽ നിരീക്ഷണം നടത്തുകയായിരുന്ന വനംവകുപ്പ് വാച്ചർമാരാണ് പെരുന്തേനരുവി റോഡിനുസമീപം കടുവയെ കണ്ടത്. വനാതിർത്തിയിൽ വന്യമൃഗത്തിന്റെ
ആക്രമണം ഏറിവരികയാണ്. രാത്രിയിൽ വീടുകളുടെ പുറത്തിറങ്ങാൻ ജനം മടിക്കുന്നു.
അണയാതെ കാട്ടുതീ
കുടമുരുട്ടി ചണ്ണ മേഖലയിൽ വനാതിർത്തിയിൽ തീ പടരുന്നത് പതിവായിരിക്കുന്നു. കഴിഞ്ഞ ദിവസവും വനത്തിനുസമീപമുള്ള ഭൂമിയിൽ തീ പടർന്നുപിടിച്ച് കൃഷി നശിച്ചു. ടാപ്പിംഗ് നടത്തി വന്ന റബറും കാപ്പിയും കവുങ്ങും ഉൾപ്പടെ കത്തിനശിച്ചു. നാട്ടുകാരുടെയും വനം വാച്ചർമാരുടെയും ഇടപെടലിലൂടെ തീ അണച്ചു. വെള്ളമില്ലാത്തതിനാൽ പച്ചമരത്തിന്റെ ചില്ലകൾ ഒടിച്ച് തല്ലിയാണ് തീ കെടുത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് റാന്നിയിൽ നിന്ന് അഗ്നി രക്ഷാസേന എത്തിയെങ്കിലും വാഹനം കടന്നുചെല്ലാത്ത പ്രദേശമായതിനാൽ ഒന്നും ചെയ്യാനായില്ല.