
ചിറ്റാർ : സംസ്ഥാനത്ത് ഏറ്റവും കൂടിയചൂട് രേഖപ്പെടുത്തിയ പത്തനംതിട്ട ജില്ലയുടെ മലയോരം കുടിവെള്ളമില്ലാതെ കുംഭച്ചൂടിൽ വെന്തുരുകുകയാണ്. നദികളും തോടുകളും നീർച്ചോലകളും വരണ്ടുണങ്ങി. ശബരിമലക്കാടുകളുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖലയിൽ വെള്ളം കിട്ടാതെ കാടിറങ്ങിയ മൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. വന്യജീവികൾ കാർഷികവിളകൾ നശിപ്പിക്കുന്നതും വീടുകൾക്കും ആളുകൾക്കും നേരെ ആക്രമണം നടത്തുന്നതും പതിവായിരിക്കുന്നു.
ചിറ്റാർ, സീതത്തോട്, മീൻകുഴി, തേറകത്തുംമണ്ണ്, പാമ്പിനി, വില്ലൂന്നിപ്പാറ, നീലിപിലാവ്, കട്ടച്ചിറ, കൊടുമുടി, പുലയൻപാറത്തോട്, കുളങ്ങരവേലി, കോട്ടമൺപാറ, മുണ്ടൻപാറ, ഭയങ്കരാൻമുടി, സീതക്കുഴി എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം.
ഒരാഴ്ചത്തെ വെള്ളത്തിന്
നൽകേണ്ടത് 3000 രൂപ
ചിറ്റാർ ടൗണിൽ നിന്ന് രണ്ടുകിലോമീറ്റർ ചുറ്റളവിൽ ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളത്തിന് 2000 ലിറ്ററിന് 750 രൂപയാണ് നൽകേണ്ടത്. ഉൾപ്രദേശങ്ങളാണെങ്കിൽ 1000 മുതൽ 1500 രൂപവരെ നൽകണം. 2000 ലിറ്റർ വെള്ളം ഒരുസാധാരണ കുടുംബത്തിന് ഒരാഴ്ചവരെ ഉപയോഗിക്കാം. ഇത്തരത്തിൽ മാസത്തിൽ 3000 മുതൽ 6000രൂപവരെയാണ് ഒരു കുടുംബം ശുദ്ധജലത്തിനായി ചെലവഴിക്കുന്നത്.
നിലയ്ക്കൽ പദ്ധതിയിലെ വെള്ളം
സീതത്തോടിനും നൽകണം
നിലയ്ക്കൽ കുടിവെള്ളപദ്ധതിക്കായി വെള്ളം സീതത്തോട് ഗ്രാമപഞ്ചായത്തിൽ നിന്നാണ് കൊണ്ടുപോകുന്നത്. ലക്ഷക്കണക്കിന് ലിറ്റർ ജലം ഇവിടെ നിന്ന് ശുദ്ധീകരിച്ച് കൊണ്ടുപോകുമ്പോഴും പ്രദേശവാസികൾ കുടിവെള്ളം പണംകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്. ശബരിമല തീർത്ഥാടനകാലത്തും മാസപൂജാവേളകളിലും ഒഴികെ ഈ പദ്ധതിയിലെ വെള്ളം സീതത്തോട് ഗ്രാമത്തിൽ ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജലമില്ലാത്ത ജലജീവൻ
പതിനെട്ട് വർഷം മുൻപ് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനിലൂടെയാണ് ചിറ്റാർ ഗ്രാമപഞ്ചായത്തിൽ ജലം ലഭ്യമാക്കുന്നത്. ജലജീവൻ പദ്ധതിയുടെ ഭാഗമായി കൂടുതൽ കണക്ഷനുകൾ നൽകിയപ്പോഴും പൈപ്പുകൾ മാറ്റാനായില്ല. കൂടുതൽ വെള്ളം പമ്പുചെയ്യുന്നതോടെ പഴയ പൈപ്പുകൾ പൊട്ടി പമ്പിംഗ് മുടങ്ങന്നത് പതിവായി.
ആസൂത്രണമില്ലാതെ കുടിവെള്ള പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം.
ജിതേഷ്.ജി,
വയ്യാറ്റുപുഴ എട്ടാംവാർഡ് അംഗം