അടൂർ : കാട്ടുപന്നികളെയും തെരുവുനായ്ക്കളെയും ഭയന്ന് കഴിയുകയാണ് നഗരസഭയിലെ മൂന്ന്, നാല് വാർഡുകളിൽ ഉള്ളവർ. കാട്ടുപന്നികൾ വൻ തോതിലാണ് കാർഷിക വിളകൾ നശിപ്പിക്കുന്നത്. കോഴികളെ കൊന്നുതിന്നുകയാണ് തെരുവുനായ്ക്കൾ. പന്നിശല്യം രൂക്ഷമായതോടെ പലരും കൃഷിയിൽ നിന്ന് പിൻമാറി . കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇൗ പ്രദേശങ്ങളിൽ മിക്കവരും. കപ്പകൃഷിയിൽ നിന്ന് ഒട്ടുമിക്ക കർഷകരും പിൻമാറി. നാലാം വാർഡിലെ പുതുവാക്കൽ ഏലായിൽ കല്ലിരിക്കുംവിളയിൽ ജി. പ്രസാദിന്റെ മൂന്ന് മാസത്തോളം പ്രായമുള്ള 30 മൂട് ഏത്തവാഴയാണ് പന്നികൾ കൂട്ടത്തോടെയിറങ്ങി കുത്തിമറിച്ചത്. ഒാണക്കാല വിൽപ്പന പ്രതീക്ഷിച്ച് കടുത്ത വേനലിലും വെള്ളമൊഴിച്ച് വളർത്തിയ ഏത്താവഴകൃഷി നശിപ്പിച്ചതോടെ വൻനഷ്ടമാണ് ഉണ്ടായത്.
ഇൗ ഏലാകളിൽ ഏറ്റവും കൂടുതൽ കപ്പകൃഷിയുണ്ടായിരുന്നത് ഇന്ന് പേരിൽ മാത്രമൊതുങ്ങി. ഒട്ടുമിക്ക പാടശേഖരങ്ങളും ഇതോടെ തരിശായി കിടക്കുകയാണ്. വേനൽക്കാലത്ത് ഏറ്റവുമധികം പച്ചക്കറി കൃഷി നടത്തിവന്ന ഏലായാണിത്. ഇപ്പോൾ പാടശേഖരങ്ങളും കാടുമൂടി കിടക്കുകയാണ്. ഇത് പന്നികളുടെ വിഹാരകേന്ദ്രങ്ങളായി മാറി. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെയാണ് കാട്ടുപന്നികൾ മനുഷ്യനും കാർഷിക മേഖലയ്ക്കും ഭീഷണിയായി മാറിയിരിക്കുന്നത്. സന്ധ്യകഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ നാട്ടുകാർക്ക് ഭയമാണ്.ഇവയെ അമർച്ച ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന നഗരസഭാ ഭരണാധികാരികളുടെ ഉറപ്പ് രണ്ട് വർഷം കഴിഞ്ഞിട്ടും നടപ്പിലായില്ല.അതിനാൽ കാട്ടുപന്നികളുടെ എണ്ണം അനുദിനം പെരുകുകയാണ്.
നായ്ക്കൾ കൊന്നത് 20 കോഴികളെ
തെരുവ് നായ്ക്കളാണ് മറ്റൊരു പ്രധാന ഭീഷണി. കഴിഞ്ഞ ദിവസം നഗരസഭ നാലാം വാർഡിൽ ഇരുപതോളം ചെറുതും വലുതുമായ കോഴികളെയും കുഞ്ഞുങ്ങളെയും രാത്രിയിൽ കൂട് പൊളിച്ച് കൊന്നുകൊണ്ടുപോയി. ഇൗ ഭാഗത്ത് തെരുവുനായ്ക്കൾ ഏറെയാണ്. ഇവയെ അമർച്ച ചെയ്യുന്നതിന് നഗരസഭാധികൃതർ നടപടി സ്വീകരിക്കാത്തതോടെ കോഴികളെ വർത്താൻകഴിയാത്ത അവസ്ഥയാണ്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏതാനും ദിവസം മുമ്പ് വെറ്ററനറി പോളിക്ളിനിക് വഴി ലഭ്യമാക്കിയ കോഴിക്കുഞ്ഞുങ്ങളെയാണ് തെരുവുനായ്ക്കൾ കൊന്നത്.
---------------
തെരുവ് നായ്ക്കളെയും കാട്ടുപന്നികളെയും അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കാത്ത നഗരസഭാ അധികൃതരുടെ നടപടി പ്രതിഷേധർഹമാണ്. ഇനിയെങ്കിലും അടിയന്തര നടപടി സ്വീകരിക്കണം.
ജി. പ്രസാദ്,
കർഷകൻ.