adidev
ആദിദേവ്

ചെങ്ങന്നൂർ: വൃക്കകളിൽ ക്യാൻസർ ബാധിച്ച രണ്ടര വയസുകാരനെ രക്ഷിക്കാൻ സുമനസുകളുടെ കരുണ തേടുകയാണ് നിർദ്ധന കുടുംബം. ചെങ്ങന്നൂർ - ചെറിയനാട് പടിപ്പുരയ്ക്കൽ വടക്കേതിൽ ബീനാകുമാരിയുടെയും ഒ.എസ് റാന്നി സ്വദേശി അജിത്ത് കുമാറിന്റെയും ഏക മകൻ ആദിദേവ് (രണ്ടര ) ആണ് ചികിത്സയിലുള്ളത്. കൂലിപ്പണിക്കാരനായ അജിത്തും കുടുംബവും മകന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. അഞ്ചു മാസം മുമ്പുണ്ടായ വിട്ടുമാറാത്ത വയറു വേദനയിൽ നിന്നാണ് ക്യാൻസർ കണ്ടെത്തിയത്. ഇടതു വശത്തെ വൃക്കയിൽ രണ്ടും വലതു വശത്തേതിൽ മൂന്നു മുഴകളുമാണു കണ്ടത്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളെ അപൂർവമായി ബാധിക്കുന്ന ' വിൽംസ് ട്യൂമർ ' (wilmstumor ) ആണെന്നു സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സ തുടങ്ങി . പിന്നീട് ശസ്ത്രക്രിയയ്ക്കായി ആർ.സി.സിയിൽ നിന്നും മുംബൈയിലെ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലേക്ക് റഫർചെയ്തു. പക്ഷേ , അവിടത്തെ ഭാരിച്ച ചെലവ് താങ്ങാൻ കുടുംബത്തിനു കഴിയുന്നതായിരുന്നില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇക്കഴിഞ്ഞ ഡിസംബറിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യത്തെ ശസ്ത്രക്രിയ നടത്തി. ഇടതു വൃക്കയിലെ രണ്ടു മുഴകൾ നീക്കം ചെയ്തു. ഇനി വലതു വശത്തെ മൂന്നു മുഴകൾ കൂടി നീക്കം ചെയ്തെങ്കിൽ മാത്രമെ ആദിദേവിനു സാധാരണ ജീവിതം തിരിച്ചു കിട്ടുകയുള്ളു. ഒരു സുഹൃത്തിന്റെ സഹായത്താൽ വാടകയില്ലാതെ അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചു വരുകയാണ് ഇവർ. അജിത്ത്കുമാറിന്റെ പേരിൽ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ റാന്നി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 4055445380. ഐ.എഫ്.സി.കോഡ് : CBIN0280991. (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റാന്നി ശാഖ) അജിത്ത് കുമാർ ഒ.എസ്. ഫോൺ : 8156819640 , 8606595747.