
പന്തളം : നാടകത്തെ സ്നേഹിച്ച അച്ഛന്റെ വഴിയെ സഞ്ചരിച്ച തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജ് രണ്ടാംവർഷ വിദ്യാർത്ഥിനി സർഗപ്രിയ കേരള സർവകലാശാല നാടകോത്സവത്തിൽ മികച്ച നടി. സന്തോഷ് തകഴി രചനയും സംവിധാനവും സംഗീതവും നിർവഹിച്ച 'കേടായ വണ്ടി ' എന്ന നാടകത്തിലെ മിന്നുന്ന പ്രകടനമാണ് സർഗപ്രിയയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.
കനൽസൂര്യൻ എന്ന നാടകത്തിൽ അയ്യങ്കാളിയായി വേഷമിട്ട് ശ്രദ്ധേയനായ നാടക് സംസ്ഥാന ജോയിൻ സെക്രട്ടറിയും കേരള ബാങ്ക് ഉദ്യോഗസ്ഥനുമായ പ്രിയരാജ് ഭരതന്റെയും അനിതയുടെയും മകളാണ്. കനൽസൂര്യനിൽ പിതാവിനൊപ്പം ചരിത്രകഥാപാത്രമായ പഞ്ചമിയായി സർഗപ്രിയ അരങ്ങിലെത്തിയിരുന്നു. നടൻ പ്രേംവിനായകന്റെ ശിക്ഷണത്തിൽ സ്‌കൂൾ കലാവേദികളിൽ മോണോ ആക്ടിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത് .
നൂറനാട് സുകുവിന്റെ ആലീസിന്റെ അത്ഭുതലോകം, സജി തുളസീദാസിന്റെ ചായം തേച്ച മുഖങ്ങൾ, കെ.പി.എ.സി മനോജിന്റെ നിറങ്ങൾ ശലഭങ്ങൾ, പ്രിയതാഭരതന്റെ സിൻഡ്രല്ല, മരവും പെൺകുട്ടിയും എന്നീ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പഠനപ്രവർത്തനത്തിൽ എന്നപോലെ കലാപ്രവർത്തനത്തിലും മികവ് തെളിയിച്ചിട്ടുണ്ട് ഇൗ മിടുക്കി. ബാലസംഘം കലാജാഥയിലും എസ്.എഫ്.ഐ പരിപാടികളിലും സജീവസാന്നിദ്ധ്യമാണ്. പന്തളത്തെ പുരോഗമനകല സാംസ്‌കാരിക പ്രവർത്തനങ്ങളുടെ അമരക്കാരനായിരുന്ന പന്തളം ഭരതന്റെ ചെറുമകളാണ് സർഗപ്രിയ.