ചെങ്ങന്നൂർ: വേനൽ കടുത്തതോടെ വഴിനീളെ തണ്ണിമത്തൻ നിറയുന്നു. കൂടുതൽ ആവശ്യക്കാരെത്തിയതോടെ കച്ചവടവും വർദ്ധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വേനലിൽ ജലാംശം നഷ്ടമാകുന്നത് തടയാൻ തണ്ണിമത്തന് കഴിയുന്നു എന്നതാണ് പ്രിയമേറാൻ കാരണം. കർണാടകയിൽ നിന്നുള്ള കിരൺ, തമിഴ്‌നാട്ടിൽ നിന്നുള്ള നാംധാരി, വിശാൽ, സമാം എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനുകളാണ് എത്തുന്നത്. 2012ൽ കേരള കാർഷികസർവകലാശാല വികസിപ്പിച്ച് കാമ്പിന് കുരുവില്ലാത്ത, മഞ്ഞനിറമുള്ള തണ്ണിമത്തനും ഇപ്പോൾ വിപണിയിൽ സജീവമാണ്. എന്നിരുന്നാലും ചുവന്ന കാമ്പുള്ള തണ്ണിമത്തനാണ് ആളുകൾക്ക് പ്രിയം. വിപണി സജീവമായതോടെ തണ്ണിമത്തൻ ജ്യൂസും, വിവിധ പഴച്ചാറുകൾ വിൽക്കുന്ന കടകളും സജീവമായിട്ടുണ്ട്.ജില്ലയിൽ ഏറ്റവുമധികം കൂടുതൽ ചൂട് അനുഭവപ്പെടുന്ന ചെങ്ങന്നൂരിൽ ഉൾപ്പെടെ നിരവധി പേരാണ് തണ്ണിമത്തൻ കച്ചവടത്തിനായി എത്തിയിരിക്കുന്നത്. പാതയോരത്തോട് ചേർന്നാണ് വിൽപ്പന. വെള്ളരി വർഗത്തിൽപ്പെട്ട തണ്ണിമത്തന്റെ വിലയും വർദ്ധിച്ചിട്ടുണ്ട്. 25മുതൽ 40 രൂപ വരെയാണ് ഒരു കിലോയ്ക്ക് ഈടാക്കുന്നത്. മാർച്ച്ഏപ്രിൽ മാസങ്ങളിൽ ചൂട് കടുക്കുന്നതോടെ തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. കനത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ചില സ്ഥലങ്ങളിലെ പാതയോരങ്ങളിൽ കരിക്ക്, പനംനൊങ്, പനംകരിക്ക് എന്നിവയും വില്പനയ്ക്കുണ്ട്.

ഗുണം ഏറെ

വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തണ്ണിമത്തനിലെ ലൈക്കോപീൻ, കുക്കുർബിറ്റാസിൻ ഇ തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകൾ കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

....................................

വില 5 മുതൽ 10 രൂപ വരെ കൂടിയിട്ടുണ്ട്. എന്നാലും ഡിമാൻഡ് കുറയുന്നില്ല. പൈനാപ്പിളും ,മുന്തിരിയും , തണ്ണിമത്തനും കൂടിയുള്ള മിക്‌സഡ് ജ്യൂസിന് നല്ല ഡിമാന്റാണ്,50 രൂപ മുതൽ 70 രൂപ വരെയാണ് നിരക്ക് . പേരക്ക, ഓറഞ്ച് മുതലായ പഴവർഗ്ഗങ്ങൾക്കും ഡിമാന്റ് കൂടി.

ബഷീർ

(തണ്ണിമത്തൻ വ്യാപാരി)

.....................................

വില കിലോയ്ക്ക് 25 മുതൽ 40 വരെ

ചുവന്ന കാമ്പുള്ള തണ്ണിമത്തന് ഏറെ പ്രിയം