chittar-anadhan-
കാട്ടാനകളെ തുരത്താൻ സ്വയം കണ്ടെത്തിയ സംവിധാനവുമായി ചിറ്റാർ ആനന്ദൻ

കോന്നി : കൊലവിളി മുഴക്കുന്ന കാട്ടാനകളെ തുരത്താൻ ലളിതവും സുരക്ഷിതവുമായ മാർഗത്തിലൂടെ കഴിയുമെന്ന് കണ്ടെത്തിയിരിക്കുകയാണ് മുൻ വനംവകുപ്പ് ഉദ്യോഗസ്ഥനും പരിസ്ഥിതി പ്രവർത്തകനുമായ ചിറ്റാർ ആനന്ദൻ. കാന്താരിയും ചാണകവും അറക്കപ്പൊടിയും ചേർന്ന മിശ്രിതം കുഴച്ചുണ്ടാക്കി ഉണക്കിയെടുത്ത് പുകയ്ക്കുമ്പോൾ അനുഭവപ്പെടുന്ന രൂക്ഷഗന്ധത്തിൽ ആനകൾ അകലുമെന്നാണ് കണ്ടെത്തൽ. ഇതേ മിശ്രിതം ആനപിണ്ഡവുമായി ചേർത്ത് ഉണക്കിയെടുത്താൽ ചന്ദനത്തിരി പോലെ കൂടുതൽസമയം പുകയ്ക്കാനാകും. ആനകൾ ഇറങ്ങുന്ന ജനവാസമേഖലകളിൽ ഇൗ വിദ്യ പരീക്ഷിച്ചതായും ആ മേഖലയിലേക്ക് കാട്ടാനകൾ വരുന്നില്ലെന്നും ചിറ്റാർ ആനന്ദൻ പറഞ്ഞു. ഇതുപോലെ കരിഓയിലിൽ മുളകുപൊടി കലക്കി കോട്ടൺ തുണിയിൽ മുക്കി കാട്ടാനകൾ വരുന്ന പ്രദേശങ്ങളിൽ വിരിച്ചിട്ടാൽ ഇതിന്റെ ഗന്ധം കാരണവും കാട്ടാനകൾ വഴിമാറി പോകും. കൃഷിയിടങ്ങളിൽ ഇത് ഉപയോഗിക്കാൻ കഴിയും. കാട്ടാനകളെ പുകയിട്ട് തുരത്താൻ കോന്നി ആനത്താവളത്തിലെ ആനപ്പിണ്ടം വനം വകുപ്പിന് ഉപയോഗപ്പെടുത്താനുമാകും.

വന്യമൃഗങ്ങൾ കാർഷികവിളകൾ നശിപ്പിക്കുമ്പോൾ അവയെ ഫലപ്രദമായി പ്രതിരോധിക്കാനോ കർഷകർക്ക് നഷ്ടപരിഹാരം നൽകാനോ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ല. ചെലവ് കുറഞ്ഞ ഇത്തരം പ്രതിരോധ മാർഗങ്ങളിലൂടെ മൃഗങ്ങളെ തുരത്താൻ പദ്ധതിയൊരുക്കണം.

ചിറ്റാർ ആനന്ദൻ