അടൂർ : പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം അടൂർ താലൂക്കുതല ഉദ്ഘാടനം അടൂർ ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പോളിയോ രോഗത്തെ തുരത്താൻ നമ്മുടെ ആരോഗ്യ മേഖലയ്ക്ക് സാധിച്ചുവെന്നും വാക്‌സിൻ എടുക്കുന്ന കാര്യത്തിൽ ആരും യാതൊരു മടിയും കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കാണ് പോളിയോ വാക്‌സിൻ നൽകുന്നത്. ഇതിനായി നിരവധി ബൂത്തുകളും, ആരോഗ്യ പ്രവർത്തകരേയും സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും കാരണത്താൽ തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ഭവന സന്ദർശന വേളയിൽ തുള്ളിമരുന്ന് നൽകും. ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ സോമൻ, നന്ദു, കോശി മിഖായേൽ, ആശുപത്രി ഇൻസ്‌പെക്ടർ നിഷ, നഴ്‌സിംഗ് സൂപ്രണ്ട് രജിത തുടങ്ങിയവർ പങ്കെടുത്തു.