hospital

റാന്നി : സ്വകാര്യ ആശുപത്രികളുണ്ടെങ്കിലും മലയോര നാടിന്റെ ആരോഗ്യത്തിന് കാവലാകുന്നത് റാന്നി താലൂക്ക് ആശുപത്രിയാണ്. നിരവധി ആളുകൾ ചികിത്സതേടി എത്തുന്ന ആതുരാലയത്തിൽ സൗകര്യങ്ങൾ പരിമിതവും. കാര്യക്ഷമമായ അത്യാഹിത വിഭാഗവും ബ്ലഡ് ബാങ്കും മോർച്ചറിയും ഇല്ലാത്തതാണ് പ്രധാന കുറവ്. വാഹനാപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര ചികിത്സ നൽകാൻ സംവിധാനങ്ങൾ ഇല്ല. പരിക്കേറ്റ് എത്തുന്നവരെ ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയക്കുകയാണ് പതിവ്. സ്കാനിംഗ് സംവിധാനം ഇല്ലാത്തതിനാൽ അടിയന്തര ചികിത്സ നൽകാനാകുന്നില്ല. ഓപ്പറേഷൻ തിയേറ്റർ സജ്ജമാണെങ്കിലും ബ്ലഡ് ബാങ്ക് ഇല്ലാത്തത് രോഗികളെ ഏറെ വലയ്ക്കുന്നു. അടിയന്തര സാഹചര്യം വന്നാൽ സ്വകാര്യ ബ്ലഡ് ബാങ്കുകളെ ആശ്രയിക്കേണ്ടിവരും. ശബരിമല തീർത്ഥാടന പാതയിലെ പ്രധാന ആശുപത്രിയായിട്ടും സംവിധാനങ്ങളുടെ കുറവിൽ പ്രാഥമിക ചികിത്സമാത്രമാണ് ഇവിടെ നൽകാനാകുന്നത്. പി.എച്ച്.സിയായി പ്രവർത്തനം തുടങ്ങിയ ആശുപത്രി ഘട്ടങ്ങളായി താലൂക്ക് ആശുപത്രിയായി ഉയർത്തുകയായിരുന്നു.

റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി പെരുന്നാട് , അയിരൂർ, കൊല്ലമുള, വടശ്ശേരിക്കര, അത്തിക്കയം, ചേത്തക്കൽ, ചെറുകോൽ പ്രദേശത്തുള്ളവരാണ് പ്രധാനമായും ചികിത്സതേടിയെത്തുന്നത്.

15 കോടിയുടെ നവീകരണം

വികസനത്തിന്റെ ഭാഗമായി ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ 15 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ നീണ്ടതിനാൽ നിർമ്മാണം വൈകി. വസ്തുവിന് വില നൽകിയതിനാൽ നിർമ്മാണം ഉടൻ ആരംഭിക്കാനാകും.

ഗൈനക്കോളജി, ഇ.എൻ.ടി, ഓർത്തോ, ഹൃദ്രോഗ വിഭാഗങ്ങളിൽ രോഗികളേറെ,

ഓപ്പറേഷൻ തിയേറ്ററിന്റെ പ്രവർത്തനം കാര്യക്ഷമം, ലാബ്, ഫാർമസി എന്നിവ 24 മണിക്കൂർ പ്രവർത്തിക്കുന്നു.

മോർച്ചറി : കാലങ്ങളായുള്ള ആവശ്യം

സർക്കാർ മേഖലയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറി സംവിധാനം ഇല്ലാത്തതിനാൽ റാന്നിയിലെ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. താലൂക്ക് ആശുപത്രി വികസനം നടത്തുമ്പോൾ മോർച്ചറി സംവിധാനം ഒരുക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും പരിഹാരം ഉണ്ടായിട്ടില്ല.