pkv-road

ചിറ്റാർ : കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴികൾ മണ്ണിട്ടുമൂടി കോൺക്രീറ്റ് ചെയ്യാത്തതിനാൽ പ്ലാപ്പള്ളി - കക്കി - വണ്ടിപ്പെരിയാർ (പി.കെ.വി) റോഡ് ഇടിഞ്ഞുതാഴുന്നു. സീതത്തോട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഭാഗത്താണ് റോഡ് നശിക്കുന്നത്. കഴിഞ്ഞ ശബരിമല തീർത്ഥാടനത്തിന് മുമ്പ് 7.75 കോടി രൂപ മുടക്കി നിർമ്മിച്ച റോഡാണിത്. തെങ്കാശി, പുനലൂർ ഭാഗത്ത് നിന്ന് എത്തുന്ന തീർത്ഥാടകരുടെ പമ്പയിലേക്കുള്ള പ്രധാന സഞ്ചാരമാർഗമാണിത്. നിലയ്ക്കൽ മുതൽ പ്ലാപ്പള്ളിവരെയുള്ള ഭാഗത്തെ പൈപ്പുകുഴികൾ മണ്ണിട്ടുമൂടിയശേഷം കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്നു. വനമേഖലയിലൂടെ കടന്നുപോകുന്ന ഭാഗത്തെ കുഴികൾ മൂടിയെങ്കിലും കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്നില്ല. മണ്ണ് ഇടിഞ്ഞുതാഴ്ന്നതോടെ റോഡിന്റെ വശങ്ങൾ അപകടകരമായ രീതിയിൽ കുഴിയായി. ഏകദേശം ഒന്നര മുതൽ മൂന്ന് അടിവരെ ഇത്തരത്തിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞിട്ടുണ്ട്. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചൊഴുകി റോഡ് തകരാനും സാദ്ധ്യതയേറെയാണ്. വന്യമൃഗങ്ങളുടെ സഞ്ചാര പാതകൂടിയാണ് ഈ പ്രദേശം.

കരാറുകാരന്റെ വിമുഖത

കുഴികൾ മൂടി കോൺക്രീറ്ര് ചെയ്യാൻ കരാറുകാരൻ മടിക്കുന്നതാണ് റോഡിന്റെ വശങ്ങൾ തകരാൻ കാരണം. മഴക്കാലമെത്തും മുൻപ് വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചില്ലെങ്കിൽ കോടികൾ മുടക്കിയ റോഡ് പൂർണമായി തകരും.

ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിഷയത്തിൽ ഇടപെടണം. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണം.

കെ.എസ്.ഉദയൻ,

പൊതുപ്രവർത്തകൻ