ചെങ്ങന്നൂർ: നഗരസഭാ വൈസ് ചെയർമാനായി കോൺഗ്രസിലെ കെ.ഷിബുരാജൻ തിരഞ്ഞെടുക്കപ്പെട്ടു. നാടകീയമായ രംഗങ്ങളാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായത്. യു.ഡി.എഫിലെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിഭാഗം കോൺഗ്രസ് സ്ഥാനാർത്ഥി ക്കെതിരെ മത്സരിച്ചു. സ്വതന്ത്ര കൗൺസിലർ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്തു. ബി.ജെ.പി.യും മത്സര രംഗത്തുണ്ടായിരുന്നു. ഷിബുരാജന് 13 വോട്ടും ബി.ജെ.പി.യിലെ സിനി ബിജുവിന് 7 വോട്ടും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ബി. ശരത്ചന്ദ്രന് 4 വോട്ടും ലഭിച്ചു. തിരഞ്ഞെടുപ്പിൽ നിന്ന് എൽ.ഡി.എഫ് വിട്ടുനിന്നു.

സ്വതന്ത്ര അംഗവും ആറാം വാർഡ് കൗൺസിലറുമായ എബ്രഹാം ജോസ് കെ.ഷിബുരാജന് വോട്ടുചെയ്തു. ഷിബുരാജന്റെ പേര് 24-ാം വാർഡ് കൗൺസിലർ അശോക് പടിപ്പുരയ്ക്കൽ നിർദ്ദേശിച്ചു. അഞ്ചാം വാർഡ് കൗൺസിലർ പി.ഡി. മോഹനൻ പിന്താങ്ങി. 25-ാം വാർഡ് കൗൺസിലർ സിനി ബിജുവിന്റെ പേര് 16-ാം വാർഡ് കൗൺസിലർ മനു എം.കൃഷ്ണൻ നിർദേശിച്ചു. നാലാം വാർഡ് കൗൺസിലർ ആതിര ഗോപൻ പിന്താങ്ങി. 13-ാം വാർഡ് കൗൺസിലർ ബി. ബി.ശരത്ചന്ദ്രന്റെ പേര് 21-ാം വാർഡ് കൗൺസിലർ രാജൻ കണ്ണാട്ട് നിർദ്ദേശിച്ചു. 8-ാം വാർഡ് കൗൺസിലർ അർച്ചന കെ.ഗോപി പിന്താങ്ങി. മനീഷ് കീഴാമഠത്തിലും രോഹിത് പി. കുമാറും ബാലറ്റ് പേപ്പറിനു പുറത്ത് പേരുകൾ രേഖപ്പെടുത്തിയത് തെറ്റായാണെന്ന് രാജൻ കണ്ണാട്ട് പരാതിപ്പെട്ടതിനെ തുടർന്ന് വോട്ടെണ്ണൽ ഇടയ്ക്ക് തടസ്സപ്പെട്ടു. രണ്ടു വോട്ടുകളും സാധുവാണെന്ന് പിന്നീട് വരണാധികാരി ചെങ്ങന്നൂർ ആർ.ഡി.ഒ. ജി. നിർമ്മൽകുമാർ അറിയിച്ചു. യു.ഡി.എഫ്. 16, ബി.ജെ.പി. 7, എൽ.ഡി.എഫ്. 3, സ്വതന്ത്രൻ ഒന്ന് എന്നതാണ് കക്ഷി നില.