ചെങ്ങന്നൂർ: പൊളിഞ്ഞ് വീഴാറായ വീട്ടിൽ ദുരിത ജീവിതം നയിക്കുകയാണ് ഇൗ അമ്മയും മകനും. പാണ്ടനാട് പ്രയാർ മാവിലേത്ത് വടക്കേതിൽ വിനിൽ ഭവനിൽ നിർമ്മലകുമാരിയും(62) , മകൻ വിനിലുമാണ് (40) അധികൃതരുടെ കനിവ് കാത്തുകഴിയുന്നത്.

ക്ഷീരകർഷകയായ നിർമ്മല കുമാരിയുടെ ഭർത്താവ് വിജയൻപിള്ള അഞ്ച് വർഷം മുമ്പാണ് മരിച്ചത്. ബലക്ഷയമുള്ള വീടിനു മുകളിൽ 2020 സെപ്തംബറിൽ മരം വീണ് കൂടുതൽ ഭാഗം തകർന്നുപോയി. ഇത് ശരിയാക്കാനായി നിർമ്മലകുമാരി പശുക്കളെ വിറ്റു. എങ്കിലും പൂർണമായും നന്നാക്കാൻ കഴിഞ്ഞില്ല. അടച്ചുറപ്പിലാത്ത വിധത്തിലാണ് വീട് . ഏഴു സെന്റിലുള്ള വീടിന്റെ ഒാടുകളെല്ലാം തകർന്നു. ടാർപോളിൻ വലിച്ചുകെട്ടിയെങ്കിലും കാലപ്പഴക്കത്താൽ നശിച്ചു. മകൾ ധന്യയെ വിവാഹം ചെയ്തയച്ചു. തിരുവല്ലയിലെ സ്വകാര്യബാങ്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന വിനിലിന്റെ വരുമാനമാണ് ആശ്രയം. പുതിയ വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സന്നദ്ധസംഘടനകളുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. വീടിന് വേണ്ടി ലൈഫ് പദ്ധതിയിലും, പ്രധാനമന്ത്രിയുടെ പദ്ധതിയിലും അപേക്ഷ നൽകിയിരുന്നതായി വാർഡ് മെമ്പർ ശ്രീകല പറഞ്ഞു . ലൈഫ് പദ്ധതി അപേക്ഷ തള്ളിക്കളഞ്ഞു. പ്രധാനമന്ത്രിയുടെ പദ്ധതിയിൽ 28-ാമതാണ്. വീട് നിർമ്മാണത്തിന് സന്നദ്ധ സംഘടനകൾ തയ്യാറാകുമെന്നാണ് പ്രതീക്ഷ.