photo
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രസഡന്റ് ആർ. മോഹനൻ നായരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പത്തനംതിട്ട വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനിയറെ ഉപരോധിക്കുന്നു

വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പത്തനംതിട്ട വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനിയറെ ഉപരോധിച്ചു. വേനൽ കടുത്തതോടെ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പഞ്ചായത്ത് പരിധിയിൽ ജലജീവൻ പദ്ധതി പ്രകാരം നിരവധി കണക്ഷനുകൾ നൽകിയിട്ടുണ്ടെങ്കിലും കൃത്യമായി ഒരു ദിവസം പോലും വെള്ളം ലഭിക്കാറില്ല. നിലവിൽ വള്ളിക്കോട് പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വള്ളിക്കോട്, കൊടുമൺ, ഓമല്ലൂർ, പ്രമാടം പഞ്ചായത്തുകൾക്ക് വെള്ളം നൽകുന്നുണ്ട്. എന്നാൽ വള്ളിക്കോട് പഞ്ചായത്തിലെ നരിയാപുരം മുതൽ വി.കോട്ടയം കുരിശുംമൂട് വരെയുള്ള ഭാഗങ്ങളിൽ കൃത്യമായി വെള്ളം ലഭിക്കാറില്ല. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി.പി.ജോൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. സുഭാഷ്, ഗീതാകുമാരി, മെമ്പർമാരായ വിമൽ വള്ളിക്കോട്, തോമസ് ജോസ് അയ്യനേത്ത്, പത്മ ബാലൻ, ലിസി ജോൺസൺ, ആൻസി വർഗീസ്, ആതിര, ജയശ്രീ എന്നിവർ പങ്കെടുത്തു.