05-thattukada
മഹാത്മ ജീവകാരുണ്യ ഗ്രാമത്തിലെ ജോസെഫിന്റെ ത​ട്ടുകട

കൊടുമൺ :​ മഹാത്മ ജനസേവന കേന്ദ്രത്തിന്റെ കുളത്തിനാൽ ജീവകാരുണ്യഗ്രാമത്തിലെ തട്ടുകടയിലെ ചായയ്ക്ക് നൻമയുടെ രുചി കൂടിയുണ്ട്. അഗതികളുടെ ആശാകേന്ദ്രമായ ജീവകാരുണ്യ ഗ്രാമത്തിലെ തട്ടുകടയിൽ നിന്ന് അന്തേവാസികൾക്ക് ചായയും മറ്റും സൗജന്യമാണ്. ഇവിടെയെത്തുന്ന സന്ദർശകർക്കും തട്ടകടയിൽ കയറാം. അന്തേവാസിയായ ജോസഫാണ് തട്ടുകട നടത്തുന്നത്. അന്തേവാസികൾ ഇവിടെ വന്നാണ് ചായ കുടിക്കുന്നത്. അവശത മൂലം വരാൻ ബുദ്ധിമുട്ടുള്ളവർക്ക് ചായ അവിടെ എത്തിക്കും.

പഴയകാല ചായക്കടകളെ ഒാർമ്മിപ്പിച്ച് ഒാലകൊണ്ടാണ് കടയുടെ നിർമ്മാണം. കടയ്ക്കുള്ളിൽ തൂക്കിയിട്ടിരിക്കുന്ന ഉറിയിലെ മൺകലത്തിൽ മോരുംവെള്ളമുണ്ട്. ചുവന്നുള്ളിയും ഇഞ്ചിയും പച്ചമുളകും ചതിച്ചിട്ട ഒന്നാം തരം മോരുവെള്ളം സന്ദർശകർക്ക് കൊടുക്കും. പഴയകാല മിഠായികളും ബിസ്കറ്റുമുണ്ട്. പൂത്തുലഞ്ഞു നിൽക്കുന്ന ബൊഗൈൺ വില്ലയുടെയും അരളിച്ചെടിയുടെയും കീഴിലുള്ള തട്ടുകട കാഴ്ചയിലും സുന്ദരം. 150ൽപ്പരം അന്തേവാസികളുണ്ട് മഹാത്മാ ജനസേവന കേന്ദ്രത്തിൽ .