റാന്നി: പത്തനംതിട്ട റാന്നിയിൽ ട്രാൻസ് ഫോർമറിൽ നിന്ന് ഷോക്കേറ്റ് വീണ കെ.എസ്.ഇ.ബി ജീവനക്കാരന് രക്ഷകനായത് യാത്രക്കാരനായ ഡോക്ടർ. ഉതിമൂട്ടിൽ വലിയ കലുങ്കിന് സമീപം ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. വടശേരിക്കര സെക്ഷനിലെ ജീവനക്കാരനായ സലീംഷായ്ക്കാണ് ഷോക്കേറ്റത്. സൗത്ത് സെക്ഷനിലെ വലിയ കലുങ്കിനു സമീപമുള്ള ട്രാൻസ്ഫോർമറിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ ഓടിയെത്തിയപ്പോൾ സലീംഷാ പൊള്ളലേറ്റ് കിടക്കുന്നതാണ് കണ്ടത്. ഈ സമയം ആശുപത്രിയിലേക്ക് പോവുകയായിരുന്നു റാന്നി താലൂക്ക് ആശുപത്രിയിലെ ആർ.എം.ഒ ഡോക്ടർ വൈശാഖ്. ആൾക്കൂട്ടം കണ്ടെത്തിയ അദ്ദേഹം വിവരമറിഞ്ഞ ഉടൻ പ്രാഥമിക ശുശ്രൂഷ നൽകി. ശേഷം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നാല്പത് ശതമാനത്തോളം പൊള്ളലേറ്റ സലീംഷായെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തക്കസമയത്തുള്ള ഡോക്ടറിന്റെ ഇടപെടലാണ് സലീംഷായ്ക്ക് രക്ഷയായത്.
എന്നാൽ, സലീംഷാ ആത്മഹത്യാ ശ്രമം നടത്തിയതാണെന്ന് സൂചനയുണ്ട്. രണ്ടു തവണ കഴുത്തിൽ കയറിട്ടും വിഷം കഴിച്ചും ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് സഹപ്രവർത്തകർ പറഞ്ഞു. കോന്നി സ്വദേശിയായ സലീംഷാ ഉതിമൂട് വലിയ കലുങ്കിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.