
പത്തനംതിട്ട: ജില്ലയുടെ മുപ്പത്തിയെട്ടാമത് കളക്ടറായി എസ്.പ്രേം കൃഷ്ണൻ ചുമതലയേറ്റു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കളക്ടറേറ്റിൽ എത്തിയ എസ്.പ്രേംകൃഷ്ണനെ എ.ഡി.എം സരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ചേംബറിൽ നടന്ന ചടങ്ങിൽ സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ എ.ഷിബു ചുമതല കൈമാറി. തിരഞ്ഞെടുപ്പ്, ടൂറിസം, തീർത്ഥാടനം, പട്ടികജാതി പട്ടികവർഗ ക്ഷേമം തുടങ്ങി ജില്ലയുടെ എല്ലാ പ്രധാന മേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ശ്രമിക്കുമെന്ന് ചുമതല ഏറ്റെടുത്തുകൊണ്ട് ജില്ലാ കളക്ടർ പറഞ്ഞു. പശ്ചാത്തല സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന് പ്രത്യേക മുൻതൂക്കം നൽകുമെന്നും ജനങ്ങളും ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.